
പാലോട്: ഫോറസ്റ്റ് റേഞ്ച് ഓഫീസിനു സമീപം, വാഹനാപകടങ്ങൾ വർദ്ധിക്കുന്നു. അമിത വേഗതയാണ് പ്രദേശത്തെ പ്രധാന വില്ലൻ. പാലോട് പെരിങ്ങമ്മല റോഡിൽ കഴിഞ്ഞ മൂന്ന് മാസത്തിനുള്ളിൽ നടന്ന വാഹനാപകടങ്ങളിൽ മൂന്നുപേർക്കാണ് ജീവൻ നഷ്ടമായത്. കഴിഞ്ഞ ദിവസം മരിച്ച അനന്തുവാണ് അവസാനത്തെ ഇര. നിരവധിപ്പേർ ചികിത്സയിലും കഴിയുന്നുണ്ട്.
പുലർച്ചെ നിരത്തിലിറങ്ങുന്ന മീൻ ലോറികളുടെയും,ഇറച്ചിക്കോഴി കൊണ്ടുപോകുന്ന വാഹനങ്ങളുടെയും അമിതവേഗത പ്രദേശത്തെ ഭീതിയിലാക്കുന്നുണ്ട്. ഇതിൽ മിക്ക മീൻ വാഹനങ്ങൾക്കും മതിയായ രേഖകളില്ലെന്നും ആക്ഷേപമുണ്ട്. പ്രദേശത്ത് വാഹന പരിശോധനകളുണ്ടാകാത്തതിൽ പ്രതിഷേധം ശക്തമാണ്.
വഞ്ചുവം,മഞ്ഞക്കോട്ടുമൂല,ഇളവട്ടം,താന്നിമൂട്,പ്ലാവറ,ഫോറസ്റ്റ് ഓഫീസിന് സമീപം,എക്സ് കോളനി എന്നിവിടങ്ങൾ അപകടമരണങ്ങൾക്ക് കുപ്രസിദ്ധമാണ്. റോഡിന്റെ ഗതിയറിയാവുന്നവർ ഈ ഭാഗങ്ങളിൽ വേഗത കുറച്ച് ശ്രദ്ധാപൂർവമേ വാഹനമോടിക്കുകയുള്ളൂ. എന്നാൽ അന്തർ സംസ്ഥാന വാഹനങ്ങളിലെ ഡ്രൈവർമാരും ടിപ്പർ, മീൻ ലോറികളും മരണപ്പാച്ചിലാണ്. ഒരു വർഷത്തിനിടെ നൂറുകണക്കിന് അപകടങ്ങളുണ്ടായി.
നിയന്ത്രണം വിട്ട് ഒരു വാഹനം വന്നാൽ എതിർദിശയിലെ വാഹനം ഒഴിച്ചുനിറുത്താനുള്ള സൗകര്യമില്ല എന്നതാണ് വാസ്തവം. വലിയ വാഹനങ്ങൾ കടന്നുപോകുമ്പോൾ ടൂ വീലറുകൾ അടക്കമുള്ള ചെറിയ വാഹനങ്ങൾ ചാലിൽ തെന്നി വീഴും.തലനാരിഴ വ്യത്യാസത്തിലാണ് പലരും മരണത്തിൽ നിന്ന് രക്ഷപ്പെടുന്നത്.ഇത്തരം ഭാഗങ്ങളിൽ ടാർ ചെയ്ത റോഡിന് അനുബന്ധമായി കോൺക്രീറ്റ് ചെയ്യുകയോ കല്ല് പാകുകയോ ചെയ്യണമെന്ന് കെ.എസ്.ടി.പി പൊതുമരാമത്ത് റോഡ് വിഭാഗത്തോട് നിർദേശിച്ചിട്ടുണ്ട്.എന്നാൽ, ഇക്കാര്യം നിറവേറ്റേണ്ടത് കെ.എസ്.ടി.പിയാണെന്ന പക്ഷമാണ് മരാമത്ത് ഉദ്യോഗസ്ഥർക്ക്. പി.ഡബ്ല്യു.ഡി നെടുമങ്ങാട്,പാലോട് സെക്ഷനുകളുടെ പരിധിയിൽ വരുന്ന സ്ഥലങ്ങളാണ് അപായമുനമ്പുകളായി മാറിയിട്ടുള്ളത്.
അപകടമായി വളവും
കുത്തനെയുള്ള കയറ്റിറക്കവും കൊടുംവളവുകളും ചെങ്കോട്ടപാതയിൽ ചുള്ളിമാനൂരിനും മടത്തറയ്ക്കും ഇടയിൽ അപകടങ്ങൾക്ക് ഇടയാക്കുന്നു.എതിർദിശയിൽ നിന്നുവരുന്ന വാഹനങ്ങളെ കാണാൻ കഴിയാത്ത തരത്തിലാണ് വളവുകൾ.ഡ്രൈവറുടെ ശ്രദ്ധ അല്പമൊന്ന് പാളിയാൽ എതിരെ വരുന്ന വാഹനവുമായി കൂട്ടിയിടിക്കും.
നിയന്ത്രണം തെറ്രും
റോഡിന്റെ ഇരുവശവും പടർന്ന് പന്തലിച്ച് കിടക്കുന്ന കാടാണ് ഡ്രൈവർമാരുടെ സ്ഥിരംശാപം. നിത്യവും ഒരു ഡസനോളം അപകടങ്ങൾ ഈ മേഖലയിൽ അരങ്ങേറുന്നുണ്ട്.ഇറക്കം ഇറങ്ങി വരുന്നവർ അമിത വേഗതയിലായാൽ വാഹനത്തിന്റെ നിയന്ത്രണം തെറ്റും.കയറ്റം താണ്ടുന്ന വാഹനത്തിൽ കൂട്ടിയിടിക്കും.ഇങ്ങനെ പൊലിഞ്ഞ ജീവനുകൾ നിരവധിയാണ്.