തൊഴിലുറപ്പ് തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യം

കിളിമാനൂർ: തൊഴിലുറപ്പ് ഇടങ്ങളിൽ തൊഴിലാളികൾക്ക് സുരക്ഷ കുറയുന്നു. പാമ്പുകളടക്കമുള്ള ഇഴജന്തുക്കൾ, കടന്നലുകൾ, പന്നി, തെരുവുനായ എന്നിവയുടെ ആക്രമണം ഏതുനിമിഷവും ഉണ്ടാകുമെന്ന സാഹചര്യത്തിൽ സുരക്ഷയിൽ ഉറപ്പില്ലാതെ തൊഴിലുറപ്പ് തൊഴിലാളികൾ. പാമ്പുകടിയേൽക്കുന്നതും കടന്നൽ കുത്തേൽക്കുന്നതുമടക്കം ജീവാപായസാദ്ധ്യത മുന്നിൽ നിറുത്തിയാണ് ദരിദ്രകുടുംബങ്ങളിലെ വീട്ടമ്മമാർ തൊഴിലിനിറങ്ങുന്നത്. ജോലിക്കിടെ പാമ്പു കടിയേറ്റും കടന്നൽകുത്തേറ്റും നിരവധി പേരാണ് ദിനംപ്രതി അപകടത്തിൽപ്പെടുന്നത്. സമീപദിവസങ്ങളിൽ പന്നി ആക്രമണത്തിൽ പരിക്കേറ്റവരുമുണ്ട്.

ആവശ്യങ്ങൾ നടപ്പാക്കുന്നില്ല

ഓവുചാൽ ശുചീകരണം,​ കാടുവെട്ടിത്തെളിക്കൽ, പറമ്പ് കിളക്കൽ തുടങ്ങി കഠിനമായ ജോലികളും ഇവർക്ക് ചെയ്യേണ്ടിവരുന്നു. ഇത്തരം തൊഴിലിടങ്ങളിൽ യാതൊരു സുരക്ഷയും ഇവർക്ക് ലഭിക്കുന്നില്ല. ഓടകൾ വൃത്തിയാക്കുമ്പോൾ കൈയുറയടക്കം ലഭിക്കേണ്ടതുണ്ട്. എന്നാൽ മിക്ക പഞ്ചായത്തുകളിലും ഇത് ലഭ്യമല്ല. സ്വന്തം നിലയിൽ കരുതണമെന്നാണ് അധികൃതരുടെ മറുപടിയെന്നാണ് തൊഴിലാളികൾ പറയുന്നത്.ഓടകളിലും പറമ്പുകളിലും കൈയിലും കാലിലും പ്ലാസ്റ്റിക് ചുറ്റിയാണിവർ ജോലിക്കിറങ്ങുന്നത്. ഇതുമൂലം ത്വക്ക് രോഗങ്ങളും പിടിപെടുന്നു.

പകർച്ചവ്യാധികളും

പിടിപെടുന്നു

മദ്ധ്യവയസ് പിന്നിട്ടതു വഴി ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നവരാണ് കൂട്ടത്തിലധികവും. ഡെങ്കിപ്പനി, എലിപ്പനി തുടങ്ങിയ മാരക പകർച്ചവ്യാധികൾ പിടിപെട്ട് അപകടത്തിൽപ്പെടുന്ന തൊഴിലാളികളും കുറവല്ല. വർഷത്തിൽ 200 ദിവസം ജോലി നൽകണമെന്ന ആവശ്യവും ഇതുവരെ പരിഗണിക്കപ്പെട്ടിട്ടില്ല. നിലവിൽ 100 ദിവസത്തെ തൊഴിലാണ് ലഭിക്കുന്നത്. കൂലി 360 രൂപ. മുമ്പ് പണിയായുധങ്ങൾ വാങ്ങുന്നതിന് നൽകിയിരുന്ന തുകയും റദ്ദാക്കി.