d

അമരാവതി: പ്രധാനമന്ത്രി നരേന്ദ്രമോദി 16ന് ആന്ധ്രപ്രദേശിലെ കർണൂൽ സന്ദർശിക്കും. അവിടെ നടക്കുന്ന പൊതുയോഗത്തിൽ അദ്ദേഹം സംസാരിക്കും. പ്രധാനമന്ത്രിയുടെ പരിപാടിയുടെ വിജയത്തിന് മുന്നൊരുക്കങ്ങൾ നടത്തുന്നതിന് ക്യാബിനറ്റ് മന്ത്രിമാരുടെ സംഘത്തെ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു നിയോഗിച്ചു. മന്ത്രിമാരായ പയ്യാവുല കേശവ്, ടി.ജി. ഭരത്, ബി.സി. ജനാർദൻ റെഡ്ഡി, അനഘാനി സത്യ പ്രസാദ് എന്നിവർക്കാണ് ചുമതല. ഇവരുടെ നേതൃത്വത്തിൽ ഇന്നലെ ജില്ലാ കളക്ടർ, പൊലീസ് സൂപ്രണ്ടുമാർ, തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ എന്നിവർ കർണൂലിലെ സ്റ്റേറ്റ് ഗസ്റ്റ് ഹൗസിൽ ഒരു യോഗം ചേർന്നു ഇതുവരെയുള്ള പ്രവർത്തനങ്ങൾ വിലയിരുത്തി.

ജി.എസ്.ടി പരിഷ്കാരങ്ങൾ അവശ്യവസ്തുക്കളുടെ വില കുറയാൻ കാരണമായെന്നും സംസ്ഥാനത്തും രാജ്യത്തുമുള്ള ഓരോ കുടുംബത്തിനും അതിന്റെ പ്രയോജനം ലഭിക്കുന്നുണ്ടെന്നും ധനമന്ത്രി പയ്യാവുല കേശവ് പറഞ്ഞു. പരിഷ്കാരങ്ങളുടെ ഗുണങ്ങളെക്കുറിച്ച് വിശദീകരിക്കുന്നതിനാണ് യോഗം നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.