s

തിരുവനന്തപുരം: ലോകത്തെവിടെയും സുരക്ഷിതമായി കുടിയേറാൻ നയം രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പ്രൊട്ടക്ടർ ഒഫ് ഇമിഗ്രന്റ്‌സ് (എറണാകുളം, കൊച്ചി), വിദേശകാര്യ മന്ത്രാലയം, നോർക്ക എന്നിവയുടെ ആഭിമുഖ്യത്തിൽ ഹോട്ടൽ ഹൈസിന്തിൽ നടന്ന ഗ്ലോബൽ മൊബിലിറ്റി കോൺക്ലേവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കുടിയേറ്റ സ്വഭാവം മാറുന്ന സാഹചര്യത്തിൽ വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസസുരക്ഷ ഉറപ്പാക്കും.

നോർക്കയുടെ പ്രവർത്തനങ്ങൾ മറ്റ് സംസ്ഥാനങ്ങൾക്കും മാതൃകയാണ്. വിദേശത്ത് തൊഴിലോ വിദ്യാഭ്യാസമോ ആഗ്രഹിക്കുന്നവരെ ചൂഷണം ചെയ്യുന്ന നിയമവിരുദ്ധ ഏജൻസികൾക്കെതിരെ ജാഗ്രത പുലർത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്ര വിദേശകാര്യ സെക്രട്ടറി അരുൺ കുമാർ ചാറ്റർജി, വിദേശകാര്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറിമാരായ ജിന ഉയിക, സുരീന്ദർ ഭഗത്, ഫോറിനേഴ്‌സ് റീജിയണൽ രജിസ്‌ട്രേഷൻ ഓഫീസർ അരവിന്ദ് മേനോൻ, പ്രൊട്ടക്ടർ ഓഫ് എമിഗ്രന്റ്സ് മേജർ. ശശാങ്ക് ത്രിപാഠി,റീജിയണൽ പാസ്പോർട്ട് ഓഫീസർ ജീവ മരിയ ജോയ്, ലോക കേരള സഭ സെക്രട്ടേറിയറ്റ് ഡയറക്ടർ ആസിഫ് കെ.യൂസഫ് ,കെ.ഡിസ്ക് മെമ്പർ സെക്രട്ടറി പി.വി. ഉണ്ണികൃഷ്ണൻ, നോർക്ക റൂട്ട്സ് സി.ഇ.ഒ അജിത് കൊളശ്ശേരി, നോർക്ക സെക്രട്ടറി അനുപമ ടി.വി തുടങ്ങിയവർ പങ്കെടുത്തു.