s

തിരുവനന്തപുരം :അനധികൃത സ്വത്ത് സമ്പാദനക്കേസിൽ 31 വർഷത്തെ നിയമപ്പോരാട്ടത്തിനൊടുവിൽ മുൻ ഡി.ജി.പി പി.ജെ.അലക്‌സാണ്ടർ കുറ്റവിമുക്തനായി. സർവീസിലിരിക്കെ അലക്‌സാണ്ടർ വരവിൽക്കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന കേസിൽ തിരുവനന്തപുരം സി.ബി.ഐ പ്രത്യേക കോടതി ജഡ്‌ജി കെ.എസ്.രാജീവാണ് വിധി പ്രസ്താവിച്ചത്.

അലക്‌സാണ്ടർ 1994ൽ സർവീസിൽ നിന്നു വിരമിച്ചതിനു പിന്നാലെയാണ് സി.ബി.ഐ കേസെടുത്തത്. 1980- 1991 കാലയളവിൽ കണക്കിൽപ്പെടാത്ത 64 ലക്ഷം രൂപ സമ്പാദിച്ചെന്നായിരുന്നു കേസ്. ഇതിനെതിരെ ഹൈക്കോടതിയിലും സി.ബി.ഐ കോടതിയിലും അലക്സാണ്ടർ നിയമപ്പോരാട്ടം നടത്തി.2024 സെപ്തംബറിലാണ് വിചാരണ ആരംഭിച്ചത്. അനധികൃതമായി സ്വത്ത് സമ്പാദിച്ചിട്ടില്ലെന്നും തനിക്കും ഭാര്യയ്ക്കും മക്കൾക്കും പരമ്പരാഗതമായി ലഭിച്ച സ്വത്തും മറ്റു നിക്ഷേപങ്ങളും പ്രോസിക്യൂഷൻ പരിഗണിച്ചില്ലെന്നും ചൂണ്ടിക്കാട്ടിയാണ് സി.ബി.ഐ വാദങ്ങളെ അലക്‌സാണ്ടർ എതിർത്തത്.

1980 -91 കാലയളവിൽ അലക്സാണ്ടറുടെ പക്കൽ ഒൻപത് ലക്ഷത്തിന്റെ അധിക സ്വത്താണുള്ളതെന്നും ,ആകെ വരുമാനത്തിന്റെ 10ശതമാനത്തിൽ താഴെയായതിനാൽ അനധികൃത സ്വത്തായി ഇതിനെ കണക്കാക്കാനാവില്ലെന്നും കോടതി നിരീക്ഷിച്ചു. അലക്‌സാണ്ടറെ അനാരോഗ്യം അലട്ടിയപ്പോൾ മൂത്ത മകൾ പ്രീതിയാണു കേസ് നടത്തിയത്. 1963 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥനായ അലക്‌സാണ്ടർ സംസ്ഥാന വ്യവസായ വികസന കോർപറേഷൻ എം.ഡി പദവിയിൽ നിന്നാണ് വിരമിച്ചത്.