s

ശിവഗിരി: മഹാതീർത്ഥാടനത്തിനുള്ള മുന്നൊരുക്കങ്ങൾക്ക് ശിവഗിരി മഠത്തിൽ തുടക്കമായി. തീർത്ഥാടന കമ്മിറ്റി സെക്രട്ടറിയായി ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ട്രഷറർ കൂടിയായ സ്വാമി ശാരദാനന്ദയെ നിയോഗിച്ചു. ആലുവ സർവ്വമത സമ്മേളനം, ഗുരുദേവ-ഗാന്ധി സമാഗമ ശതാബ്ദി എന്നിവയുടെ ഭാഗമായി വത്തിക്കാനിലും ലണ്ടനിലും ഗൾഫ് രാജ്യങ്ങളിലും ഡൽഹിയിലുമൊക്കെ നടന്ന ലോകമത പാർലമെന്റിന്റെയും ഡൽഹി വിജ്ഞാൻഭവനിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്ത ഗുരു-ഗാന്ധി സമാഗമ ശതാബ്ദിയുടെയും സ്മരണ നിറയുന്ന വേളയിൽ 93-ാമത് ശിവഗിരി തീർത്ഥാടനമഹാമഹം ലോകശ്രദ്ധ പിടിച്ചുപറ്റും വിധം സംഘടിപ്പിക്കും.

തീർത്ഥാടന കമ്മിറ്റി രൂപീകരണം

93-ാമത് തീർത്ഥാടനത്തിന്റെ ഭാഗമായുള്ള കമ്മിറ്റി രൂപീകരണയോഗം 11ന് ഉച്ചയ്ക്ക് 3ന് ശിവഗിരി മഠത്തിൽ നടക്കും. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ഉദ്ഘാടനം ചെയ്യും.ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ അദ്ധ്യക്ഷത വഹിക്കും. ട്രഷറർ സ്വാമി ശാരദാനന്ദ തീർത്ഥാടന പദ്ധതി അവതരിപ്പിക്കും. ശിവഗിരി മഠത്തിലെ മറ്റു സന്യാസി ശ്രേഷ്ഠർ സംബന്ധിക്കും. വിവിധ ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ പ്രവർത്തകരും ശിവഗിരി ബന്ധുക്കളും യോഗത്തിൽ സംബന്ധിക്കണമെന്ന് ശിവഗിരി മഠം അറിയിച്ചു.