
കാസർകോട്: മകനെ നോക്കാൻ സഹോദരിയെ ഏല്പിച്ചശേഷം വീട്ടിൽ മടങ്ങിയെത്തിയ അദ്ധ്യാപികയും ഭർത്താവും വിഷം കഴിച്ച് മരിച്ചു. കടമ്പാറിലെ പെയിന്റിംഗ് തൊഴിലാളിയായ അജിത്ത് (35),ഭാര്യയും വൊർക്കാടിയിലെ സ്വകാര്യ സ്‌കൂളിൽ അദ്ധ്യാപികയുമായ ശ്വേത (27) എന്നിവരാണ് മരിച്ചത്.
തിങ്കളാഴ്ച വൈകിട്ടോടെയാണ് ഇരുവരെയും വീട്ടിൽ അവശനിലയിൽ കണ്ടെത്തിയത്. നാട്ടുകാർ ഇരുവരെയും ഹൊസങ്കടിയിലെ സ്വകാര്യാശുപത്രിയിലും പിന്നീട് മംഗളൂരു ആശുപത്രിയിലേക്കും കൊണ്ടു പോയെങ്കിലും രക്ഷിക്കാനായില്ല. അജിത്ത് ഇന്നലെ പുലർച്ചെ 12.30 ഓടെയും ശ്വേത തൊട്ടുപിന്നാലെയും മരിച്ചു.
ഇവർക്ക് സാമ്പത്തിക പ്രശ്നമുണ്ടായിരുന്നുവെന്നും,ഇതിന്റെ പേരിൽ ഇരുവരും വഴക്കുണ്ടാക്കാറുള്ളതായും പരിസരവാസികൾ പറയുന്നു.തിങ്കളാഴ്ച രാവിലെയും ഇവർ തമ്മിൽ വഴക്കിട്ടതായി നാട്ടുകാർ പറഞ്ഞു.
തിങ്കളാഴ്ച ജോലി കഴിഞ്ഞ് നേരത്തെ വീട്ടിലെത്തിയ ശ്വേതയും അജിത്തും മൂന്നു വയസുള്ള മകനെയും കൂട്ടി ബന്തിയോട്ടുള്ള സഹോദരിയുടെ വീട്ടിലെത്തുകയായിരുന്നു. ഒരു സ്ഥലത്തേക്ക് പോകാനുണ്ടെന്നും മകനെ അതുവരെ നോക്കണമെന്നും പറഞ്ഞ് ഏല്പിച്ചാണ് ഇരുവരും അവിടെനിന്ന് മടങ്ങിയത്.തുടർന്ന് വീട്ടിലെത്തിയ ഇവർ വിഷം കഴിക്കുകയായിരുന്നു. ശ്വേതയുടെ മാതാവ് പ്രമീളയും ഈ വീട്ടിലാണ് താമസിച്ചിരുന്നതെങ്കിലും, ഇവർ ജോലിക്ക് പോയ സമയത്തായിരുന്നു സംഭവം. മഞ്ചേശ്വരം പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.