1

പരസ്പരം

ഡോ. കെ. അജയകുമാർ

പ്ലാസ്റ്റിക് സർജറി വിഭാഗം മുൻ മേധാവി

തിരുവനന്തപുരം മെഡി. കോളേജ്

ഡോക്ടർമാർക്ക് ഒരു വീഴ്ചയുമില്ല! പാലക്കാട് ജില്ലാ ആശുപത്രിയിൽ,​ പല്ലശനയിലെ ഒൻപതു വയസുകാരി വിനോദിനിയുടെ വലതു കൈ മുറിച്ചുമാറ്റേണ്ടി വന്ന സംഭവത്തിൽ,​ അതായിരുന്നു ആദ്യം ജില്ലാ മെഡിക്കൽ ഓഫീസറുടെ റിപ്പോർട്ട്- എല്ലാം ക്ളീൻ! അത് വിവാദമായതോടെ പ്രോട്ടോകാൾ വീഴ്ചയുടെ പേരിൽ കഴിഞ്ഞ ദിവസം രണ്ട് ഡോക്ടർമാർ സസ്പെൻഷനിലായി. പരിശോധനയിലെ വീഴ്ചയും അപകടാവസ്ഥ തിരിച്ചറിയാതെയുള്ള ചികിത്സയും കുട്ടിയുടെ കൈ മുറിച്ചുമാറ്റേണ്ടി വന്ന സാഹചര്യത്തിലേക്ക് നയിച്ചെന്നായിരുന്നു വിദഗ്ദ്ധരുടെ കണ്ടെത്തൽ.

സൈക്കിളിൽ കൈകുടുങ്ങി രണ്ട് എല്ലുകൾ പൊട്ടി,​ ഗുരുതരാവസ്ഥയിൽ ആദ്യം ചിറ്റൂർ ആശുപത്രിയിലും,​ പിന്നീട് പാലക്കാട് ജില്ലാ ആശുപത്രിയിലേക്കും എത്തിച്ചതായിരുന്നു,​ വിനോദിനിയെ. പ്ലാസ്റ്ററിട്ട് വീട്ടിലേക്ക് അയച്ച കുട്ടിക്ക് കൈയിലെ വേദന കുറഞ്ഞില്ല. നാല് ദിവസത്തിനു ശേഷം കൈയിൽ നിന്ന് ദുർഗന്ധം വന്നു തുടങ്ങിയതോടെ വീണ്ടും ജില്ലാ ആശുപത്രിയിലേക്ക്. അവിടെ നിന്ന് ഒരു റഫറൻസ് ലെറ്റർ- കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക്!

വിദഗ്ദ്ധ പരിശോധനയിൽ,​ കുട്ടിയുടെ വലതു കൈയിലേക്കുള്ള രക്തയോട്ടം നിലച്ചിരിക്കുന്നതായി കണ്ടെത്തി. ഒറ്റ മാർഗമേയുള്ളൂ- കൈ മുറിച്ചുമാറ്റുക! പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സിച്ച ഡോക്ടർമാരുടെ അശ്രദ്ധയ്ക്ക് ആ കൊച്ചുപെൺകുട്ടിക്കും അവളുടെ കുടുംബത്തിനും നല്കേണ്ടി വന്ന വില വലുതായിരുന്നു. ഒരു ജീവിതത്തോളം വലുതായിരുന്നു,​ ആ വലതുകൈ. നിർഭാഗ്യകരവും ദാരുണവുമായ ആ സംഭവത്തെക്കുറിച്ചും,​ ഇത്തരം വീഴ്ചകൾ ആവർത്തിക്കാതിരിക്കുവാൻ പുലർത്തേണ്ട ജാഗ്രതയെക്കുറിച്ചും സംസാരിക്കുകയാണ്,​മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് മുൻ ജോയിന്റ് ഡയറക്ടറും,​ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ പ്ലാസ്റ്റിക് സർജറി വിഭാഗം മുൻ മേധാവിയുമായ ഡോ. കെ. അജയകുമാർ.

?​ കുഞ്ഞിന്റെ കൈമുറിച്ചുമാറ്റേണ്ടി വന്ന സാഹചര്യം ഒഴിവാക്കാമായിരുന്നതല്ലേ.

ഇത്തരം അപകടങ്ങൾ അപൂർവമല്ല. ചക്രത്തിനിടയിലും യന്ത്രങ്ങൾക്ക് ഇടയിലും കൈകാലുകൾ പെട്ടു പോകുന്ന ക്രഷ് ഇൻജുറികളാണ് ഇവ. ഇത്തരം സാഹചര്യങ്ങളിൽ കൃത്യമായ പരിശോധനയും നിർണയവും പ്രധാനമാണ്. അതുണ്ടായാൽ ആദ്യമണിക്കൂറുകളിൽത്തന്നെ ശസ്ത്രക്രിയ നടത്തുകയും,​ അവയവം മുറിച്ചുമാറ്റേണ്ടുന്ന സാഹചര്യം തീർച്ചയായും ഒഴിവാക്കുകയും ചെയ്യാം.

സൈക്കിളിന്റെ ചക്രത്തിന് ഇടയിൽ കുടുങ്ങിയ,​ കുട്ടിയുടെ കൈയിൽ രണ്ട് പൊട്ടലുണ്ടെന്ന് എക്‌സ്റേയിൽ വ്യക്തമായാൽ ഡോപ്ലർ സ്കാൻ ചെയ്ത് രക്തക്കുഴലുകൾക്ക് തകരാറില്ലെന്നും,​ രക്തം കട്ടപിടിക്കുന്ന സാഹചര്യമില്ലെന്നും ഉറപ്പാക്കണം. പാലക്കാട് ജില്ലാ ആശുപത്രിയിൽ എത്തിച്ച കുട്ടിയുടെ കാര്യത്തിൽ ഡോപ്ലർ സ്കാൻ എടുത്തിരുന്നോ എന്ന് വ്യക്തമല്ല. മാത്രമല്ല,​ ഇത്തരം കേസുകളിൽ രോഗിയെ അഡ്മിറ്റ് ചെയ്ത്,​ 24 മണിക്കൂർ നേരം നിരീക്ഷിക്കണം. ആശുപത്രിയിലെത്തുന്ന സമയത്ത് രക്തയോട്ടത്തിന് കുഴപ്പമില്ലെങ്കിലും തുടർന്നുള്ള മണിക്കൂറുകളിൽ അതിന് സാദ്ധ്യതയുണ്ട്. അത് മുൻകൂട്ടി കാണേണ്ടതുണ്ട്.

?​ വിനോദിനിയുടെ കാര്യത്തിൽ ഡോക്ടർമാക്ക് ജാഗ്രതക്കുറവുണ്ടായോ.

പ്രോട്ടോക്കാളിൽ വീഴ്ച സംഭവിച്ചെന്ന് പ്രഥമദൃഷ്ട്യാ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഡോക്ടർമാരെ സസ്പെൻഡ് ചെയ്തിരിക്കുന്നത്. ജാഗ്രതക്കുറവുണ്ടായെന്ന് സസ്‌പെൻഷൻ ഉത്തരവിൽ വ്യക്തമാണ്. സെപ്തംബർ

24-നു വൈകിട്ട് അപകടം സംഭവിച്ച കുട്ടിയെ രക്ഷിതാക്കൾ ചിറ്റൂർ ആശുപത്രിയിൽ എത്തിച്ചപ്പോൾ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ പറഞ്ഞെന്നാണ് മനസിലാക്കുന്നത്. ഉടൻ ജില്ലാ ആശുപത്രിയിലെത്തിച്ചപ്പോൾ കൈക്ക് പ്ളാസ്റ്ററിട്ട്,​ പിറ്റേന്ന് വീണ്ടും എത്താൻ നിർദ്ദേശിച്ച് വീട്ടിലേക്കയച്ചു.

നീര് ഉണ്ടായിട്ടില്ലാത്തതിനാൽ മറ്റു പ്രശ്നങ്ങളില്ലെന്ന നിഗമനത്തിൽ ഡോക്ടർമാർ എത്തിയെന്നു വേണം കരുതാൻ. ഡോപ്ലർ സ്കാൻ ഇത്തരം സാഹചര്യങ്ങളിൽ അനിവാര്യമാണ്. കുട്ടിയെ അഡ്മിറ്റ് ചെയ്ത് നിരീക്ഷിക്കാത്തത് ഉൾപ്പെടെയുള്ള കാര്യങ്ങളാകും പ്രോട്ടോക്കാൾ വീഴ്ചയായി വിലയിരുത്തിയിട്ടുണ്ടാവുക.

?​ ഇത്തരം അപകട സാഹചര്യത്തെ എങ്ങനെ നേരിടാം.

രണ്ടു തരത്തിലാണ് ഇത്തരം കേസുകളിൽ അപകടമുണ്ടാവുക. അപകടസമയം തന്നെ രക്തകുഴലിന് തകരാർ സംഭവിച്ച് രക്തയോട്ടം നിലച്ച നിലയിൽ രോഗിയെ ആശുപത്രിയിലെത്തിക്കാം. ഈ സഹാചര്യത്തിൽ അടിയന്തരമായി ഡോപ്ലർ സ്കാൻ ചെയ്യണം. രോഗികളുടെ രക്തക്കുഴലിന്റെ പൾസ് നോക്കണം. സ്പർശന ശേഷി പരിശോധിക്കണം. ഊഷ്മാവ് തണുപ്പാകുന്നുണ്ടോയെന്നും ഉറപ്പാക്കണം. അപകട സാഹചര്യമാണെങ്കിൽ പ്ലാസ്റ്റിക് സർജന്മാരെയോ വാസ്കുലർ സർജന്മാരെയോ കാണിക്കണം. ചെറിയ രക്തക്കുഴലുകൾക്കാണ് തകരാറെങ്കിൽ പ്ലാസ്റ്റിക് സർജനും,​ വലിയ രക്തക്കുഴലുകളാണെങ്കിൽ വാസ്കുലർ സർജന്മാരും ശസ്ത്രക്രിയ നടത്തും. കാലിലെ രക്തക്കുഴലുകൾ വെട്ടിയെടുത്ത് തകരാർ സംഭവിച്ച സ്ഥലത്ത് വച്ചുപിടിപ്പിക്കുന്നതാണ് രീതി.

മറ്റു ചില സാഹചര്യങ്ങളിൽ,​ ആശുപത്രിയിലെത്തുമ്പോൾ രക്തക്കുഴലുകൾക്ക് തകരാറില്ലെങ്കിൽ നീരുണ്ടാകില്ല. കൈയിൽ നീര് കാണുന്നില്ലെന്ന കാരണത്താൽ അതിനെ നിസാരമായി കണ്ട്. പ്ലാസ്റ്ററിട്ട് രോഗിയെ വിട്ടയയ്ക്കരുത്. രക്തക്കുഴലിന് ചെറിയ പരിക്കാണ് ഏറ്റതെങ്കിൽ സാവധാനമായിരിക്കും രക്തയോട്ടം നിലയ്ക്കുക. അങ്ങനെ നീരുവന്നാൽ പ്ലാസ്റ്റർ മുറുകും. ഈ ഘട്ടത്തിൽ പ്ലാസ്റ്റർ ഉടൻ മാറ്റണം. മറ്റു പ്രശ്നങ്ങളില്ലെങ്കിലും ഇടുന്ന പ്ലാസ്റ്റർ മുറുകിയാൽ നീരുകെട്ടി രക്തയോട്ടം നിലയ്ക്കാം. ഈ സാഹചര്യത്തിൽ പ്ലാസ്റ്റർ മാറ്റി ഉടൻ ഫാസിയോട്ടമി എന്ന ശസ്ത്രക്രിയ നടത്തണം. തൊലി മുറിച്ച് നീരു മാറ്റി രക്തയോട്ടം സുഗമമാക്കുന്നതിനാണ് ഇത്.

?​ ഇത്തരം അപകടങ്ങളിൽ പരിക്കേറ്റാൽ സമയത്തിന്റെ പ്രധാന്യം.

വലിയ പ്രാധാന്യമുണ്ട്. ആറ് മണിക്കൂറിനുള്ളിൽ ശസ്ത്രക്രിയ നടത്തുന്നതാണ് സുരക്ഷിതം. 12 മണിക്കൂറിനു ശേഷവും നടത്താറുണ്ട്. എന്നാൽ ദിവസങ്ങൾ കഴിഞ്ഞാൽ ഒന്നും ചെയ്യാനാകില്ല. രക്തയോട്ടം നിലച്ചാൽ ആ ഭാഗം കറുക്കാൻ തുടങ്ങും. അവിടെ നിന്നുള്ള പഴുപ്പ് മറ്റു ഭാഗങ്ങളിലേക്ക് കടന്നാൽ ജീവൻ തന്നെ അപകടത്തിലാകും. ഇതിലേക്ക് എത്തുന്നതിനു മുമ്പ് രോഗി അനുഭവിക്കുന്ന വേദന അസഹനീയമായിരിക്കും.

പാലക്കാട്ടെ കുഞ്ഞും സമാനമായ അവസ്ഥയിലൂടെ കടന്നുപോയിരിക്കണം. സാധാരണ വേദനസംഹാരികൾക്ക് രക്തയോട്ടം നിലച്ചതിനെ തുടർന്നുണ്ടാകുന്ന വേദന ശമിപ്പിക്കാനാകില്ല. ഉറങ്ങാൻ പോലും കഴിയില്ല. അതിനാൽ ഇത്തരം പരിക്കുകൾ ഉണ്ടായാൽ എത്രയും വേഗം കൃത്യമായ ചികിത്സ ഉറപ്പാക്കണം.

?​ ഇത്തരം സംഭവങ്ങളുണ്ടായാൽ ഇടപെടലുകൾ എങ്ങനെയാവണം.

ഇത്തരം അപകടങ്ങളിൽ പരിക്കേറ്റവരെ ഉടൻ ഡോപ്ലർ സ്കാനിംഗ് സൗകര്യം ഉൾപ്പെടെയുള്ള ആശുപത്രിയിൽ എത്തിക്കണം. സർക്കാർ മെഡിക്കൽ കോളേജുകളിൽ മികച്ച സൗകര്യമുണ്ട്. ഡോക്ടർമാർ പ്രോട്ടോക്കാൾ പ്രകാരം നടത്തേണ്ട പരിശോധനകൾ നടത്തി അപകടസാദ്ധ്യത തിരിച്ചറിയണം. ഒടിവുണ്ടായി ആശുപത്രിയിലെത്തി,​ പ്ലാസ്റ്ററിട്ട് വീട്ടിലേക്കു മടങ്ങുന്നവർക്ക് വേദന കുറവില്ലെങ്കിൽ,​ അത് കുറയുമെന്നു കരുതി ദിവസങ്ങൾ കാത്തിരിക്കരുത്. പ്ലാസ്റ്ററിട്ട് വീട്ടിലെത്തുന്ന രോഗി വേദനസംഹാരികൾ കഴിച്ച് ദിവസങ്ങൾ തള്ളി നീക്കുന്നത് അപകടം വിളിച്ചുവരുത്തും. കുഞ്ഞുങ്ങൾക്കാണ് പരിക്കേൽക്കുന്നതെങ്കിൽ രക്ഷിതാക്കൾ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം.