dd

തിരുവനന്തപുരം:അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ സുവർണ ചകോരം അവാ‌ർഡ് തുക ചലച്ചിത്ര അക്കാഡമിക്ക് പൊല്ലാപ്പായി.ചലച്ചിത്ര അക്കാഡമിയിൽ നിന്ന് അവാർഡ് ജേതാവിന് അയച്ച തുക അക്കൗണ്ട് മാറി മറ്റൊരു സ്വീഡിഷ് പൗരനാണ് ചെന്നെത്തിയത്. അതാണിപ്പോൾ സാമ്പത്തികേസിന് ഇടയാക്കിയത്. അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ (ഐ.എഫ്.എഫ്.കെ)ഏറ്റവും മികച്ച ചലച്ചിത്രത്തിന് നൽകുന്ന പുരസ്കാരമാണ് സുവർണ ചകോരം.2022ൽ നടന്ന ചലച്ചിത്രമേളയിൽ സുവർണചകോരം കോസ്റ്റാറിക്കൻ- സ്വീഡിഷ് ചിത്രം 'ക്ലാരാ സോള'ക്കായിരുന്നു.20 ലക്ഷവും പ്രശസ്തി പത്രവുമാണ് പുരസ്കാരം.ചിത്രത്തിന്റെ സംവിധായികയായ നതാലി അൽവാരെസും നിർമ്മാതാവ് നിമ യൂസഫിയും സമാപന ചടങ്ങിൽ പങ്കെടുക്കാൻ എത്തിയില്ല. അവർക്ക് പകരം നാറ്റ് പാക്ക് ജൂറി അംഗം ബോബി ശർമ്മയായിരുന്നു പുരസ്‌കാരം സ്വീകരിച്ചത്.പുരസ്കാരം സ്വീകരിക്കാൻ അണിയറപ്രവർത്തകർ എത്താതിരുന്നാൽ അവരുടെ അക്കൗണ്ടിലേക്ക് പണമയക്കുകയാണ് അക്കാഡമി ചെയ്യുന്നത്. അതുപോലെ നതാലിയും നിമയും ഇ-മെയിൽ വഴി അക്കാ‌ഡമിക്ക് നൽകിയ ബാങ്ക് അക്കൗണ്ട് നമ്പറിലേക്ക് പണം ഓൺലൈൻ വഴി ട്രാൻസ്ഫർ ചെയ്തു.അപ്പോഴാണ് 10 ലക്ഷത്തിന്റെ ഉത്ഭവം തേടി സ്വീഡിഷ് പബ്ലിക് പ്രോസിക്യൂട്ടറുടെ ഇ-മെയിൽ അക്കാഡമിക്കു ലഭിക്കുന്നത്.ഇവിടെ നിന്നും അയച്ച 10 ലക്ഷം രൂപ നിമ യൂസഫിയുടെ അക്കൗണ്ടിനു പകരം മറ്റൊരു സ്വീഡൻ അക്കൗണ്ടിലേക്കാണ് പോയതെന്നും.അയാൾക്ക് ഇങ്ങനെ ഒരു തുക വരാൻ സാദ്ധ്യതയില്ലെന്ന് കണ്ടെത്തിയ പൊലീസ് ആ തുക പിടിച്ചെടുത്തുവെന്നുമുള്ള വിവരമാണ് ലഭിച്ചത്.പണം തിരികെ ലഭിക്കുന്നതിന് സ്വീഡിഷ് അധികൃതർക്ക് രേഖകൾ സമർപ്പിച്ചെങ്കിലും തുക പൂർണമായി പൊലീസ് സ്വീഡിഷ് ട്രഷറിയിലേക്ക് മാറ്റിയെന്നായിരുന്നു സ്വീഡിഷ് പബ്ലിക് പ്രോസിക്യൂട്ടർ ഇ-മെയിലിലൂടെ അക്കാഡമിയെ അറിയിച്ചത്.നിർമാതാവ് നിമ യൂസഫിയുമായും സംവിധായിക നതാലിയുമായും അക്കാഡമി ഇ-മെയിൽ മുഖാന്തരം ബന്ധപ്പെടാൻശ്രമിച്ചെങ്കിലും പ്രതികരണമൊന്നും ഉണ്ടായില്ല. തുടർന്നാണ് പൊലീസ് സഹായം തേടിയത്.