
നെയ്യാറ്റിൻകര: കൃഷ്ണപുരം വാർഡിലെ നെയ്യാർ സൗന്ദര്യവത്കരണ പദ്ധതി നടപ്പാക്കുന്നതിൽ നഗരസഭ ഉദ്യോഗസ്ഥർ മനഃപൂർവം തടസം സൃഷ്ടിക്കുകയാണെന്നാരോപിച്ച്, നഗരസഭ കൗൺസിലർ ഗ്രാമം പ്രവീൺ സെക്രട്ടറിയുടെ മേശയ്‌ക്ക് മുകളിൽ കിടന്ന് പ്രതിഷേധിച്ചു.
നഗരസഞ്ചയ പദ്ധതിപ്രകാരം രണ്ട് വർഷം മുൻപ് കേന്ദ്ര സർക്കാർ, നെയ്യാറിന്റെ ഇരുവശവും ഉൾപ്പെടുത്തി അമരവിള പഴയ പാലം മുതൽ പാലക്കടവ് പാലം വരെയുള്ള മേഖലയിൽ വെഡിംഗ് ഡെസ്റ്റിനേഷൻ,ബോട്ട് ടൂറിസം തുടങ്ങിയ പദ്ധതികൾക്ക് 2 കോടി രൂപ അനുവദിച്ചിരുന്നു. ഇതിന്റെ ഭാഗമായി നഗരസഭ 4 ലക്ഷം രൂപ ചെലവിൽ സ്വകാര്യ ഏജൻസിയിലൂടെ ഡി.പി.ആർ തയ്യാറാക്കി ആറുമാസം മുൻപ് എൻജിനിയറിംഗ് വിഭാഗത്തിന് കൈമാറിയെങ്കിലും ടെക്നിക്കൽ അനുമതി ലഭിച്ചില്ല. തുടർന്നാണ് പദ്ധതി അട്ടിമറിക്കാൻ ഉദ്യോഗസ്ഥർ ശ്രമിക്കുന്നുവെന്നാരോപിച്ച് കൗൺസിലർ ഗ്രാമം പ്രവീൺ പ്രതിഷേധിച്ചത്.
ഇതിനിടെ സെക്രട്ടറി ഓഫീസിൽ നിന്ന് പുറത്തേക്ക് പോയതോടെ പെരുമ്പഴുതൂർ ഗോപൻ, മാമ്പഴക്കര ശശി എന്നിവരുൾപ്പെടെയുള്ള യു.ഡി.എഫ് കൗൺസിലർമാരും,നെയ്യാർ സംരക്ഷണ സമിതി ചെയർമാൻ ഇരുമ്പിൽ ശ്രീകുമാറും പ്രതിഷേധത്തിന് പിന്തുണയുമായെത്തി. അക്രമസാദ്ധ്യതയുണ്ടാകാനുള്ള സാദ്ധ്യത കണക്കിലെടുത്ത് നെയ്യാറ്റിൻകര എസ്.ഐയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി. സെക്രട്ടറി, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.കെ.ഷിബു എന്നിവരുമായി ചർച്ച നടത്തി. പ്രതിഷേധം ശക്തമായതിനെ തുടർന്ന് പൊലീസ് പ്രവീണിനെ ബലം പ്രയോഗിച്ച് നീക്കുകയായിരുന്നു. നഗരസഭയിലെ യു.ഡി.എഫ് കൗൺസിലർമാരുടെ വാർഡുകളിലെ വികസനപദ്ധതികൾ സി.പി.എം അനുഭാവമുള്ള ഉദ്യോഗസ്ഥർ അട്ടിമറിക്കുന്നതായും ഇതിനെതിരെ സമരപരിപാടികൾ സംഘടിപ്പിക്കുമെന്നും ഗ്രാമം പ്രവീൺ പറഞ്ഞു.