ravikumar

കുന്നത്തുകാൽ: ഇടതു സഹയാത്രിക കുടുംബത്തിലെ വരയുടെ ആശാൻ രവീസ് എന്ന രവികുമാറിന് ജന്മനാടിന്റെ യാത്രാമൊഴി. പുഞ്ചിരിതൂകി നാട്ടുകാരുടെ പ്രിയപ്പെട്ടവനായ രവീസ് ഇനിയില്ലെന്ന് വിതുമ്പിപ്പറയുന്ന നാട്ടുകാരും സഹപ്രവർത്തകരും.സി.പി.എം ധനുവച്ചപുരം ബ്രാഞ്ച് സെക്രട്ടറി ധനുവച്ചപുരം പാർവതീയത്തിൽ രവികുമാറിനാണ് (64) നാട് കണ്ണീരോടെ വിട നൽകിയത്. സ്കൂൾ പഠനകാലം മുതൽക്കേ അച്ഛന്റെ പാത പിന്തുടർന്ന് ഇടതു രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ മുൻനിര പ്രവർത്തകനായിരുന്നു. എങ്കിലും സഹവർത്തിത്വത്തിൽ രവിക്ക് രാഷ്ട്രീയമില്ലായിരുന്നു. അതുകൊണ്ട് എല്ലാവർക്കും പ്രിയങ്കരനായിരുന്നു.

ഞായറാഴ്ച വൈകിട്ട് വരെയും സുഹൃത്തുക്കളുമായി സംസാരിച്ചുനിന്ന രവിയെ, പെട്ടെന്നുണ്ടായ നെഞ്ചുവേദനയെ തുടർന്നാണ് കാരക്കോണം സി.എസ്.ഐ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചത്. നില മോശമായതിനാൽ അവിടെനിന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ചികിത്സയിലിരിക്കെ തിങ്കളാഴ്ച രാത്രിയോടെ മരിച്ചു.ഇന്നലെ രാവിലെ 10ന് കൊല്ലയിൽ സി.പി.എം പാർട്ടി ഓഫീസിൽ പൊതുദർശനത്തിനുവച്ച മൃതദേഹത്തിൽ സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം ആനാവൂർ നാഗപ്പൻ,ഏരിയാ സെക്രട്ടറി അഡ്വ.അജയകുമാർ,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ താണുപിള്ള,അഡ്വ.ബെൻഡാർവിൻ,പഞ്ചായത്ത് പ്രസിഡന്റുമാരായ എൻ.എസ്.നവനീത് കുമാർ,മഞ്ചുസ്മിത,ജില്ലാ പഞ്ചായത്ത് അംഗം വി.എസ്.ബിനു,അനില,ബി.എസ്.പ്രതീപ്,ബിനു,രാധാകൃഷ്ണൻ,എ.വിജയൻ തുടങ്ങിയവർ അന്ത്യോപചാരമർപ്പിച്ചു.തുടർന്ന് വീട്ടിലെത്തിച്ച മൃതദേഹം 11.30 ഓടെ സംസ്കരിച്ചു.