മലയിൻകീഴ്: നാട്ടുവഴികളും പ്രധാന റോഡുകളും മാലിന്യനിക്ഷേപ കേന്ദ്രങ്ങളാകുന്നു. ഹരിത കർമ്മസേന ശേഖരിക്കുന്ന അജൈവ മാലിന്യമുൾപ്പെടെ റോഡുകളിൽ നിക്ഷേപിക്കുന്നത് യാത്രക്കാർക്ക് തടസമാകുന്നതായി ആക്ഷേപം ഉയർന്നിട്ടുണ്ട്. കണ്ടല സ്റ്റേഡിയത്തിനരികിൽ ഹരിതകർമ്മസേന ശേഖരിച്ച അജൈവ മാലിന്യങ്ങൾ ചാക്കുകളിലാക്കി നിക്ഷേപിച്ചിരിക്കുകയാണ്. ഇത് സ്റ്റേഡിയത്തിൽ വ്യായാമത്തിനും മറ്റുമായി എത്തുന്നവർക്കും ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. മാലിന്യ ശേഖരം നാൾക്കുനാൾ വർദ്ധിക്കുന്നുമുണ്ട്. ഇവ നീക്കം ചെയ്യണമെന്ന് നാട്ടുകാർ ആവശ്യമുന്നയിച്ചെങ്കിലും ഫലംകണ്ടില്ല.
ലക്ഷങ്ങൾ മുടക്കി നവീകരിച്ച സ്റ്റേഡിയത്തിൽ മാറനല്ലൂർ പഞ്ചായത്തിലുള്ളവർക്ക് പുറമേ വിവിധ സ്ഥലങ്ങളിൽ നിന്നുള്ളവരും എത്തുന്നുണ്ട്. പഞ്ചായത്ത് വഴികളിലെല്ലാം മാലിന്യനിക്ഷേപം രൂക്ഷമാണ്. ബണ്ട് റോഡിൽ ഉൾപ്പെടെ യാതൊരു നിയന്ത്രണവുമില്ലാതെയാണ് മാലിന്യം നിക്ഷേപിക്കുന്നത്.
മാലിന്യനിക്ഷേപം വർദ്ധിക്കുന്നു
മലയിൻകീഴ്-ഊരൂട്ടമ്പലം,അന്തിയൂർക്കോണം -തച്ചോട്ടുകാവ് എന്നീ റോഡുകളുടെ ഇരുവശങ്ങളിലും മാലിന്യനിക്ഷേപം കാരണം ദുർഗന്ധം സഹിക്കേണ്ട ഗതികേടിലാണ്. മലയിൻകീഴ് ഊരൂട്ടമ്പലം റോഡിലെ കൊടും വളവിൽ മാലിന്യനിക്ഷേപം വർദ്ധിക്കുകയാണ്. പഞ്ചായത്ത് സ്ഥാപിച്ചിരുന്ന ബോർഡിന് കീഴിലും മാലിന്യമിടുകയും ബോർഡ് നിലവിൽ മറിച്ചിട്ട നിലയിലുമാണ്.മാലിന്യപ്പൊതികൾ തെരുവ് നായ്ക്കൾ കടിച്ചുകീറി റോഡിൽ ഇടുന്നതും മാലിന്യപ്പൊതികൾ നായ്ക്കൾ കടിച്ചെടുത്ത് ഒാടുന്നതും പലപ്പോഴും അപകടങ്ങൾക്ക് കാരണമാകാറുണ്ട്. ഇരുചക്ര വാഹനയാത്രക്കാർ അപകടത്തിലാകുന്നതും പതിവാണിവിടെ.
ഹരിത കർമ്മസേന ശേഖരിച്ച
മാലിന്യങ്ങളും റോഡിൽത്തന്നെ
മഞ്ചാടി-ശ്രീകൃഷ്ണപുരം റോഡ് ടാറിംഗ് പൂർത്തിയായിട്ടില്ലെങ്കിലും വിയന്നൂർ കാവിനു സമീപം ചാക്കുകളിൽ മാലിന്യമലതന്നെ രൂപപ്പെട്ടിട്ടുണ്ട്. ഹരിതകർമ്മസേന ശേഖരിച്ച അജൈവ മാലിന്യങ്ങളെന്നാണ് നാട്ടുകാർ പറയുന്നത്.
വെള്ളവും മലിനമാകുന്നു
കുഴയ്ക്കാട്-ചീനിവിള ബണ്ട് റോഡിലെ അവസ്ഥയും വിഭിന്നമല്ല. ബണ്ടിൽ ഇടുന്ന മാംസ-ഭക്ഷണാവശിഷ്ടങ്ങൾ ബണ്ടിൽ നിന്ന് തോട്ടിലേക്ക് വീണ് വെള്ളവും മലിനമാകാറുണ്ട്. മലയിൻകീഴ് പഞ്ചായത്തിലെ മേപ്പൂക്കട,ബ്ലോക്ക് ഓഫീസ് വാർഡുകളിലുൾപ്പെട്ട ഈ ഭാഗത്ത് ആൾവാസം കുറവായതിനാൽ സാമൂഹ്യവിരുദ്ധരുടെ ശല്യവുമുണ്ട്. വാഹനങ്ങളിലും അല്ലാതെയും മാലിന്യമിടുന്നവരെ കണ്ടെത്താൻ രാത്രികാലങ്ങളിൽ പൊലീസ് പട്രോളിംഗ് ശക്തമാക്കണമെന്നാണ് നാട്ടുകാർ പറയുന്നത്.