aardhram

വിതുര: തൊളിക്കോട് പഞ്ചായത്തിലെ മലയടി കുടുംബാരോഗ്യകേന്ദ്രം ഇനി രാവിലെ 9 മുതൽ വൈകിട്ട് 6 വരെ പ്രവർത്തിക്കും. നേരത്തെ ഉച്ചവരെയായിരുന്നു പ്രവർത്തനം. ഒരു ഡോക്ടറായിരുന്നു നിലവിലുണ്ടായിരുന്നത്. ആശുപത്രിയുടെ ശോച്യാവസ്ഥയും രോഗികൾ നേരിടുന്ന പ്രശ്നങ്ങളും ചൂണ്ടിക്കാട്ടി കേരളകൗമുദി നിരവധി തവണ വാർത്തകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആശുപത്രിയുടെ പ്രവർത്തനം മെച്ചപ്പെടുത്തണമെന്നാവശ്യപ്പെട്ട് സമരപരമ്പരകൾതന്നെ നടന്നിരുന്നു. കേരളകൗമുദി വാർത്തയെ തുടർന്ന് തൊളിക്കോട് പഞ്ചായത്ത് പ്രസിഡന്റ് വി.ജെ.സുരേഷും വിനോബാനികേതൻ വാർഡ്മെമ്പർ ലിജുകുമാറും പ്രശ്നത്തിൽ അടിയന്തരമായി ബന്ധപ്പെടുകയും ആർദ്രം പദ്ധതിയുടെ ഭാഗമായി ഒരു ഡോക്ടറെ കൂടി നിയമിക്കുകയുമായിരുന്നു. മലയടി,തച്ചൻകോട്,വിനോബാനികേതൻ,പറണ്ടോട് വാ‌ർഡുകളിലുള്ള ആദിവാസികളടക്കമുള്ളവരുടെ അത്താണിയാണ് മലയടി ആശുപത്രി. അടുത്തിടെയാണ് ആശുപത്രിയെ കുടുംബാരോഗ്യകേന്ദ്രമായി ഉയർത്തിയത്.

മലയടി ആശുപത്രിയിൽ ആർദ്രം പദ്ധതി നടപ്പിലാക്കിയ തൊളിക്കോട് പഞ്ചായത്തിന് സി.പി.എം തൊളിക്കോട് ലോക്കൽ കമ്മിറ്റി സെക്രട്ടറി എസ്.എസ്.പ്രേംകുമാർ നന്ദി രേഖപ്പെടുത്തി.

ഉദ്ഘാടനം നടത്തി

മലയടി കുടുംബാരോഗ്യകേന്ദ്രത്തിൽ ആർദ്രം പദ്ധതി നടപ്പിലാക്കി പ്രവർത്തനം 6 വരെ ദീർഘിപ്പിച്ചതിന്റെ ഉദ്ഘാടനം തൊളിക്കോട് പഞ്ചായത്ത് പ്രസിഡന്റ് വി.ജെ.സുരേഷ് നിർവഹിച്ചു. വൈസ് പ്രസിഡന്റ് ബി.സുശീല അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ആർ.ലിജുകുമാർ,തോട്ടുമുക്ക് അൻസർ,അനുതോമസ്,ചായം വർഡ്മെമ്പർ ശോഭനകുമാരി,തച്ചൻകോട് വാർഡ്മെമ്പർ വേണുഗോപാൽ,പനയ്ക്കോട് വാർഡ്മെമ്പർ സന്ധ്യ,തൊളിക്കോട് വാർഡ് മെമ്പർ റെജി,മലയടി വാർഡ് മെമ്പർ ബിനിതാമോൾ,പുളിമൂട് വാർഡ്മെമ്പർ അശോകൻ,മുൻപഞ്ചായത്ത് പ്രസിഡന്റുമാരായ മലയടിപുഷ്പാംഗദൻ,എസ്.എസ്.പ്രേംകുമാർ, മെഡിക്കൽ ഓഫീസർ സുജാറാണി,ചെല്ലൻ,സുവർണകുമാർ,ബിനു,ഗോപി,മനോഹരൻ,ജോതിലക്ഷ്മി,പ്രമീള,ജോതിഷ് കുമാർ,വിനോബജയൻ എന്നിവർ പങ്കെടുത്തു.

ഫോട്ടോ

തൊളിക്കോട് പഞ്ചായത്തിലെ മലയടി കുടുംബാരോഗ്യകേന്ദ്രത്തിൽ നടപ്പിലാക്കിയ ആർദ്രം പദ്ധതിയുടെ ഉദ്ഘാടനം തൊളിക്കോട് പഞ്ചായത്ത് പ്രസിഡന്റ് വി.ജെ.സുരേഷ് നിർവഹിക്കുന്നു.