
കടയ്ക്കാവൂർ: വിളബ്ഭാഗം വലയന്റെ കുഴി-പണയിൽക്കടവ് റോഡ് ശാപമോക്ഷം കാത്ത് കിടക്കാൻ തുടങ്ങിയിട്ട് 5 വർഷത്തിലേറെയായി. 2023ൽ ടാറിംഗിനുള്ള ടെൻഡർ വിളിച്ച് 50 ലക്ഷം രൂപയ്ക്ക് വകയിരുത്തിയിരുന്നു. എന്നാൽ റോഡിന്റെ ശോചനീയാവസ്ഥ ചൂണ്ടിക്കാട്ടി കോൺട്രാക്ടർ നിലവിലെ തുകയ്ക്ക് റോഡ് ടാർ ചെയ്യാൻ കഴിയില്ലെന്ന കാരണത്താൽ ടെൻഡർ റദ്ദാക്കി. ഇതേത്തുടർന്ന് മുഖ്യമന്ത്രിക്കടക്കം നിരവധി പരാതികൾ നാട്ടുകാർ അയച്ചെങ്കിലും നിലവിലെ സ്ഥിതി പരിഗണിക്കാതെ ഈ തുകയ്ക്ക് തന്നെ ഈ വർഷം വീണ്ടും മറ്റൊരാൾക്ക് റീടെൻഡർ ചെയ്തു. 20 മില്ലീമീറ്റർ കനത്തിൽ റീടാറിംഗ് മാത്രം ചെയ്യാനുള്ള നടപടിയാണെന്ന് മനസിലാക്കിയ ജനങ്ങൾ പിന്നീട് ജനകീയ ആക്ഷൻ കൗൺസിൽ രൂപീകരിച്ച് എക്സിക്യൂട്ടീവ് എൻജിനിയർക്കും മന്ത്രിക്കുമടക്കം പരാതി നൽകി. ഈ റോഡിന് ബിറ്റുമിനസ് മാസ്റ്റിക് കോൺക്രീറ്റ് വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വേണ്ടത്............റോഡ് താഴ്ന്നുപോയ ഭാഗങ്ങൾ ഉയർത്തുക, നിരപ്പാക്കുക,വെള്ളക്കെട്ട് ഒഴിവാക്കാനുള്ള അടിസ്ഥാന ക്രമീകരണങ്ങൾ നടപ്പാക്കുക
റോഡ് തകർന്നിട്ട്......... 5 വർഷം
ടെൻഡർ നൽകിയത്...... 50 ലക്ഷത്തിന്
ആശ്വാസമായി ഉറപ്പ്
ഭാരമേറിയ ടോറസ് ഉൾപ്പെടെയുള്ള വാഹനങ്ങൾ ഈ വഴി പോകുന്നതിനാൽ റോഡിന്റെ മിക്ക ഭാഗവും തകർന്ന് ചെമ്മൺപാതയ്ക്ക് സമാനമാണ്. 20മില്ലീമീറ്റർ കനമുള്ള റോഡിൽ 10 ടണ്ണിലധികം ഭാരം വഹിക്കാവുന്ന വാഹനങ്ങൾ കടന്നുപോയാൽ മഴക്കാലമാകുമ്പോൾ റോഡ് തകർന്ന് തരിപ്പണമാകും. സ്ഥലം പരിശോധിക്കാതെയും അശാസ്ത്രീയമായും പഴയ എസ്റ്രിമേറ്റ് തുകയ്ക്ക് തന്നെ റീടെൻഡർ നൽകിയതിൽ നാട്ടുകാരിൽ പ്രതിഷേധം ശക്തമാണ്. വി.ജോയി എം.എൽ.എ ആക്ഷൻ കൗൺസിൽ പ്രതിനിധികളുമായി നടത്തിയ ചർച്ചയിൽ ഉറപ്പുള്ളതും ദൃഢവുമായ റോഡ് നിർമ്മിക്കാൻ നടപടി സ്വീകരിക്കുമെന്ന് പറഞ്ഞിട്ടുണ്ട്.