photo

പാലോട്: കഴിഞ്ഞ ദിവസം പാലോട് ഫോറസ്റ്റ് റേഞ്ച് ഓഫീസിന് സമീപമുണ്ടായ വാഹനാപകടത്തിൽ മരിച്ച അനന്തുവിന് (24) നാട് വിടചൊല്ലി.നന്ദിയോടിന്റെ സാമൂഹ്യ സാസ്കാരിക മേഖലകളിലെ നിറസാന്നിദ്ധ്യമായിരുന്നു അനന്തു.കഠിനാദ്ധ്വാനത്തിലൂടെ തന്റെ ആഗ്രഹമായ ബൈക്ക് വാങ്ങിയിട്ട് മൂന്ന് മാസം തികഞ്ഞിട്ടില്ല.രാവിലെ ജിമ്മിൽ ട്രെയിനിയായിട്ടും ബാക്കിയുള്ള സമയം മൊബൈൽ ഷോപ്പിൽ ജീവനക്കാരനായും സ്വരുക്കൂട്ടി വാങ്ങിയ ബൈക്കിലാണ് മീൻ ലോറി ഇടിച്ചത്.സംഭവസ്ഥലത്തു വച്ചുതന്നെ അനന്തു മരിച്ചു.

സർക്കാർ നൽകിയ നാലര സെന്റ് സ്ഥലത്ത് പണി പൂർത്തിയാകാത്ത വീട്ടിലാണ് അനന്തുവും അനുജനും മാതാപിതാക്കളും താമസിക്കുന്നത്.അച്ഛൻ അനിൽകുമാർ പെയിന്റിംഗ് തൊഴിലാളിയാണ്. അനുജൻ വർക്ക്ഷോപ്പ് ജീവനക്കാരനും.

താമസിക്കുന്ന സ്ഥലത്ത് സ്ഥലപരിമിതിയെ തുടർന്ന് കരിമൺകോട് ശാന്തികുടീരത്തിലാണ് സംസ്കാരം നടന്നത്.നന്ദിയോട് പഞ്ചായത്ത് പ്രസിഡന്റ് ശൈലജാ രാജീവൻ, വൈസ് പ്രസിഡന്റ് പി.എസ്.ബാജിലാൽ,അംഗങ്ങളായ നന്ദിയോട് രാജേഷ്,രാജ്കുമാർ,ബി.ജെ.പി സംസ്ഥാന സമിതി അംഗം യുവരാജ് ഗോകുൽ തുടങ്ങിയവർ അനന്തുവിന്റെ വീട്ടിലെത്തി ആദരാഞ്ജലികൾ അർപ്പിച്ചു.