കിളിമാനൂർ: വീടിന് പുറത്തിറങ്ങിയാൽ ഒന്നുകിൽ തെരുവ് നായ ആക്രമണം, അല്ലെങ്കിൽ പന്നിയുടെ ആക്രമണം ഇതാണ് ഇരട്ടച്ചിറ നിവാസികളുടെ അവസ്ഥ. രാത്രിയായാൽ ഇരുട്ടുള്ള ഭാഗത്ത് തമ്പടിക്കും. പുലർച്ചെ പത്രവിതരണത്തിനിറങ്ങിയാൽ ഒറ്റക്കായും കൂട്ടമായും പിറകെ കുരച്ചുകൊണ്ടോടും, ഏത് നിമിഷവും ചാടിവീഴാം,തെരുവ് നായ ശല്യത്തിൽ പൊറുതിമുട്ടി കഴിയുകയാണ് പുളിമാത്ത് പഴയകുന്നുമ്മൽ പഞ്ചായത്ത് അതിർത്തി പ്രദേശമായ ഇരട്ടച്ചിറ ഗ്രാമം. കഴിഞ്ഞ ദിവസം പ്രദേശത്ത് ഒരാളെയും നിരവധി വളർത്തു മൃഗങ്ങളെയും തെരുവ് നായ ആക്രമിച്ചു. വീടിന്റെ മുന്നിലിരുന്നാലും വാതിക്കലെത്തി കുരച്ച് ആളുകലെ അകത്തുകയറ്റും.
റോഡ് നിറയെ...
തെരുവ് നായ്ക്കളുടെ എണ്ണം നിയന്ത്രിക്കുന്നതിനും പേവിഷബാധ ഉന്മൂലനം ചെയ്യുന്നതിനും വിപുലമായ പദ്ധതികൾ തയാറാക്കിയിട്ടും ഒന്നുംഫലം കാണുന്നില്ല. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ നൂറുകണക്കിന് നായ്ക്കളാണ് അലഞ്ഞുനടക്കുന്നത്. തെരുവ് നായയെ പേടിച്ച് പലരും പ്രഭാത നടത്തവും ഒഴിവാക്കി. സ്‌കൂൾ പരിസരങ്ങളിൽ പോലും നായ്ക്കൂട്ടത്തെ കാണാം. മാസങ്ങൾക്ക് മുമ്പ് ആറ്റൂരിൽ കോഴിഫാമിൽ കയറി നൂറോളം കോഴികളെയാണ് തെരുവ്‌നായ്ക്കൾ ആക്രമിച്ചത്. പ്രായമായ വളർത്തുനായ്ക്കളെ ഉടമസ്ഥർ തന്നെ നഗരത്തിലെ വിജനമായ സ്ഥലങ്ങളിൽ ഉപേക്ഷിക്കാറുണ്ട്. ഇങ്ങനെയും തെരുവ് നായ്ക്കളുടെ എണ്ണവും വർദ്ധിക്കുന്നു.
അങ്കണവാടികൾ, ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ തുടങ്ങി പൊതു സ്ഥലങ്ങളെല്ലാം തെരുവ് നായ്ക്കൾ കീഴടക്കിയിരിക്കുകയാണ്.
പേടിക്കണം കാട്ടുപന്നികളെയും
പകൽസമയങ്ങളിൽ കുറ്റിക്കാടുകൾക്കുള്ളിൽ കഴിയുന്ന കാട്ടുപന്നികൾ സന്ധ്യയായാൽ പുറത്തിറങ്ങും. വഴിയേ പോകുന്നവരെ ഇടിച്ചുതെറുപ്പിക്കും. വലിയവാഹനങ്ങളുടെ ശക്തമായ വെളിച്ചം തട്ടുമ്പോൾ റോഡിന് വശത്തേക്ക് പതുങ്ങുമെങ്കിലും പെട്ടെന്ന് റോഡിലേക്ക് എടുത്തുചാടും. ഇത് പലപ്പോഴും ഇരുചക്രവാഹന യാത്രക്കാരെ അപകടത്തിൽ പെടുത്താറുണ്ട്. പന്നിയിടിച്ച് വയലിലേക്ക് തെറിച്ചുവീണ ഇരുചക്രവാഹന യാത്രക്കാരും പ്രദേശത്തുണ്ട്.
കാരണം മാലിന്യ നിക്ഷേപം
പ്രദേശവാസികളുടെയും കച്ചവട സ്ഥാപനങ്ങളുടെയും അലക്ഷ്യമായ മാലിന്യം തള്ളലും അശാസ്ത്രീയമായ രീതിയിൽ പ്രവർത്തിക്കുന്ന അറവുശാലകളുമാണ് തെരുവു നായ്ക്കളും കാട്ടുപന്നികളും പെരുകാൻ പ്രധാന കാരണം. മാലിന്യ നിർമാർജ്ജനത്തിന് വിവിധ പദ്ധതികൾ നടപ്പിലാക്കുന്നുണ്ടെന്ന് തദ്ദേശസ്ഥാപനങ്ങൾ പറയുമ്പോഴും മാലിന്യനിക്ഷേപത്തിന് കുറവൊന്നുമില്ല. റോഡരികിൽ ചാക്കിൽ കെട്ടി വലിച്ചെറിയുന്ന മാലിന്യം നായ്ക്കൾ റോഡിലിട്ട് കടിച്ചുകീറുന്നത് പതിവാണ്.