
ചെന്നൈ: എം.കെ.സ്റ്റാലിനെ ഭരണത്തിൽ നിന്നും താഴെയിറക്കാൻ എൻ.ഡി.എക്ക് ഒപ്പം നിൽക്കണമെന്ന് ടി.വി.കെ അദ്ധ്യക്ഷൻ വിജയ്‌യോട് പ്രതിപക്ഷ നേതാവും അണ്ണാ ഡി.എം.കെ ജനറൽ സെക്രട്ടറിയുമായി എടപ്പാടി പളനി സാമി പറഞ്ഞായി റിപ്പോർട്ട്. ഓഫർ വിജയ് തള്ളിയില്ലെങ്കിലും തീരുമാനം പൊങ്കൽ കഴിഞ്ഞ് പറയാമെന്ന് എടപ്പാടിയെ അറിയിച്ചു. ജനുവരി 14നാണ് പൊങ്കൽ. കരൂർ ദുരന്തത്തിനുശേഷം ബി.ജെ.പി സംസ്ഥാന നേതൃത്വം വിജയ്‌യുമായി അടുക്കാൻ ശ്രമിക്കവെയാണ് എടപ്പാടിയുമായി സംഭാഷണം നടന്നതായുള്ള റിപ്പോർട്ടുകൾ വരുന്നത്.
അര മണിക്കൂർ നീണ്ട സംഭാഷണത്തെ കുറിച്ച് പല വ്യാഖ്യനങ്ങളും ഇതിനകം തമിഴ്നാട്ടിൽ പ്രചരിച്ചു കഴിഞ്ഞു. തിരഞ്ഞെടുപ്പ് യോഗങ്ങളിൽ അണ്ണാ ഡി.എം.കെയെ വിജയ് കടന്നാക്രമിക്കാറില്ലെങ്കിലും ഡി.എം.കെ കഴിഞ്ഞാൽ ബി.ജെ.പിയാണ് ശക്തമായി വിമർശിക്കാറുള്ളത്. ദുരന്തത്തിനു ശേഷം വിജയ് തന്റെ പ്രചാരണ പരിപാടികൾ നിറുത്തിവച്ചിരിക്കുകയാണ്. അത് ഉടൻ പുനരാരംഭിക്കാനാണ് പ്ലാൻ. പൊങ്കലിനു മുമ്പായി പ്രചാരണ റാലികൾ അവസാനിപ്പിക്കാനാണ് ആലോചന. മുമ്പത്തെ ഷെഡ്യൂൾ പ്രകാരം ഡിസംബർ 20ന് പ്രചാരണ യാത്ര അവസാനിക്കേണ്ടതായിരുന്നു. ആദ്യ സമ്മേളത്തിനുശേഷം ടി.വി.കെ നേതാക്കൾ അണ്ണാ ഡി.എം.കെ നേതൃത്വവുമായി സഖ്യചർച്ച നടത്തിയിരുന്നു. മുന്നണി രൂപീകരിച്ചാൽ പ്രധാന പാർട്ടി ടി.വി.കെ ആകണം, മുഖ്യമന്ത്രി വിജയ് ആകണം എന്ന വ്യവസ്ഥകൾ അണ്ണാ ഡി.എം.കെ തള്ളിയതോടെ ചർച്ച അവസാനിച്ചു. തുടർന്നാണ് അണ്ണാ ഡി.എം.കെ എൻ.ഡി.എയിലേക്ക് തിരിച്ചു പോയത്. വിജയ്‌യുമായി ചർച്ചയ്ക്ക് തമിഴ്നാടിന്റെ തിരഞ്ഞെടുപ്പ് സഹചുമതലയുള്ള കേന്ദ്ര മന്ത്രി മുരളീധർ മോഹോളിനെ ബി.ജെ.പി നിയോഗിച്ചിട്ടുണ്ട്. ദൗത്യവുമായി കഴിഞ്ഞ ഞായറാഴ്ച മന്ത്രി ചെന്നൈയിലെത്തിയിരുന്നു. വിജയ്‌യുമായി രഹസ്യ കൂടിക്കാഴ്ചയ്ക്കു കളമൊരുക്കിയെങ്കിലും നീക്കം സംസ്ഥാന ഇന്റലിജൻസ് മണത്തറിഞ്ഞതോടെ ശ്രമം ഉപേക്ഷിക്കുകയായിരുന്നു. വിജയ്‌യുടെ പുതിയ നീക്കം സൂക്ഷ്മമായി നിരീക്ഷിക്കുകയാണ് ഡി.എം.കെ. കരൂർ സംഭവത്തിന്റെ പേരിൽ വിജയ്‌യ്ക്കെതിരെ ഇതുവരെ കേസെടുത്തിട്ടില്ല. കൂടുതൽ അറസ്റ്റും ഉണ്ടായിട്ടില്ല.
കരൂരിലേക്ക് പോകാൻ
അനുവാദം തേടി വിജയ്
കരൂരിലേക്ക് പോകാനുള്ള അനുവാദം തേടി വിജയ് സംസ്ഥാന ഡി.ജി.പിക്ക് ഇ-മെയിൽ അയച്ചു. മുഴുവൻ വിവരങ്ങളും കരൂർ എസ്.പി ഓഫീസിൽ നേരിട്ടെത്തി ടി.വി.കെ സംസ്ഥാന നേതാക്കൾ കൈമാറണമെന്ന് പൊലീസ് വിജയ്‌യെ അറിയിച്ചു. എല്ലാ വശങ്ങളും പരിശോധിച്ച ശേഷമാകും അനുമതിയെന്നും വ്യക്തമാക്കി. കരൂർ സന്ദർശിക്കണെന്ന വിജയ് പൊലീസ് മേധാവിക്ക് കത്ത് നൽകിയിരുന്നു. ദുരന്തബാധിതരുടെ കുടുംബങ്ങളെ കാണണമെന്നും അവർക്ക് സഹായം നൽകണമെന്നുമാണ് ആവശ്യം. നേരത്തെ, തിക്കിലും തിരക്കിലും ജീവൻ നഷ്ടമായവരുടെ കുടുംബാംഗങ്ങളുമായി വിജയ് വിഡിയോ കോളിലൂടെ സംസാരിച്ചിരുന്നു.
അതേസമയം, കരൂരിലേക്ക് പോകുന്ന വിജയ്ക്ക് സുരക്ഷ ഒരുക്കണമെന്നാവശ്യപ്പെട്ട് പാർട്ടി അഭിഭാഷകൻ അരിവഴകൻ ടി.ഡി.ജിപിയുടെ ഓഫീസിൽ അപേക്ഷ വൽകി.
എസ്.ഐ.ടി അന്വേഷണം:
ടി.വി.കെ സുപ്രീംകോടതിയിൽ
ന്യൂഡൽഹി: കരൂർ ദുരന്തം അന്വേഷിക്കാൻ പ്രത്യേക അന്വേഷണസംഘം (എസ്.ഐ.ടി) രൂപീകരിച്ച മദ്രാസ് ഹൈക്കോടതിയുടെ നടപടിക്കെതിരെ നടൻ വിജയ്‌യുടെ ടി.വി.കെ പാർട്ടി സുപ്രീംകോടതിയെ സമീപിച്ചു. പരമോന്നത കോടതിയുടെ മേൽനോട്ടത്തിൽ സ്വതന്ത്ര അന്വേഷണം വേണമെന്ന് പാർട്ടി സെക്രട്ടറി ആദവ് അർജുന സമർപ്പിച്ച ഹർജിയിൽ ആവശ്യപ്പെട്ടു. തമിഴ്നാട് പൊലീസിലെ ഉദ്യോഗസ്ഥരെ മാത്രം എസ്.ഐ.ടിയിൽ ഉൾപ്പെടുത്തിയ ഹൈക്കോടതി നടപടിയെ എതിർത്തു. സംഭവത്തിന് പിന്നാലെ വിജയ് സ്ഥലംവിട്ടു, യാതൊരു പശ്ചാത്താപവും പ്രകടിപ്പിച്ചില്ല തുടങ്ങിയ കോടതി പരാമർശങ്ങളെ ചോദ്യംചെയ്‌തു. ദുരന്തത്തിനുപിന്നിൽ ഗൂഢാലോചനയുണ്ടോയെന്നത് അടക്കം പുറത്തുവരണമെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി. അടിയന്തരമായി പരിഗണിക്കണമെന്ന് ഇന്നലെ ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായിക്കു മുന്നിൽ ആവശ്യപ്പെട്ടപ്പോൾ വെള്ളിയാഴ്ച ലിസ്റ്റ് ചെയ്യാമെന്ന് അദ്ദേഹം സമ്മതിച്ചു. സംഭവം സി.ബി.ഐ അന്വേഷിക്കണമെന്ന ഹർജികളും അന്ന് പരിഗണിക്കാൻ തീരുമാനിച്ചിട്ടുണ്ട്. സെപ്‌തംബർ 27നാണ് കരൂരിലെ ടി.വി.കെ റാലിയിൽ ദുരന്തമുണ്ടായത്.