തിരുവനന്തപുരം: മെഡിക്കൽ കോളേജിന് സമീപത്ത് വാൽവ് മാറ്റിവയ്ക്കൽ, വെള്ളയമ്പലം ജലസംഭരണിയിൽ ശുചീകരണം എന്നീ പ്രവൃത്തികൾ നടക്കുന്നതിനാൽ 11 മുതൽ 14 വരെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ കുടിവെള്ള വിതരണം മുടങ്ങും.

അരുവിക്കരയിൽ നിന്ന് മെഡിക്കൽ കോളേജ് വരെ പോകുന്ന പ്രധാന കുടിവെള്ള പൈപ്പിൽ, മെഡിക്കൽ കോളേജ് ഇളങ്കാവിൽ ക്ഷേത്രത്തിന് സമീപം വാൽവ് മാ​റ്റി സ്ഥാപിക്കുന്ന പണികൾ നടക്കുന്നതിനാൽ 11ന് ജലവിതരണം നിറുത്തിവയ്ക്കും. രാവിലെ 9 മുതൽ വൈകിട്ട് 5 വരെയാണ് മുടക്കം. അമ്പലമുക്ക്,കവടിയാർ,കുറവൻകോണം,നന്ദൻകോട്,പട്ടം,മുറിഞ്ഞപാലം,മെഡിക്കൽ കോളേജ്,കുമാരപുരം,കണ്ണമ്മൂല,ഉള്ളൂർ,പുലയനാർകോട്ട എന്നിവിടങ്ങളിലാണ് തടസപ്പെടുക.

വാട്ടർ അതോറി​ട്ടിയുടെ വെള്ളയമ്പലം ലോ ലെവൽ ജലസംഭരണികളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ 13,14,15 തീയതികളിൽ കുര്യാത്തി, പാറ്റൂർ സെക്ഷൻ പരിധിയിൽ ജലവിതരണം നിറുത്തിവയ്ക്കും.

തമ്പാനൂർ, ഫോർട്ട്, ശ്രീവരാഹം, ചാല, വലിയശാല, കുര്യാത്തി, മണക്കാട്, ആ​റ്റുകാൽ, വള്ളക്കടവ്, മുട്ടത്തറ, കമലേശ്വരം, കളിപ്പാൻകുളം, പെരുന്താന്നി, ശ്രീകണ്‌ഠേശ്വരം, പാൽക്കുളങ്ങര വാർഡുകളിലുമാണ് തടസപ്പെടുക. ജലസംഭരണികളിലെ ശുചീകരണം ഓരോ ഭാഗത്തെയും പ്രത്യേകം പ്രത്യേകം നടക്കുന്നതിനാൽ 13,14 തീയതികളിൽ കുടിവെള്ളമുടക്കം ഭാഗികവും 15ന് പൂർണമായ രീതിയിലുമായിരിക്കും. ഉപഭോക്താക്കൾ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് വാട്ടർ അതോറിട്ടി അറിയിച്ചു.