തിരുവനന്തപുരം: നഗരത്തിൽ സർവീസ് നടത്തുന്ന ചില സ്വകാര്യബസുകൾക്ക്,അവരുടെ താത്പര്യപ്രകാരം റൂട്ട് മാറ്റം അനുവദിക്കാൻ നീക്കം.നിലവിൽ അനുവദിച്ചിരിക്കുന്ന റൂട്ടുകളിൽ സ്വകാര്യബസുകൾ കൃത്യമായി സർവീസ് നടത്തുന്നില്ലെന്ന പരാതി നിലനിൽക്കെയാണ് മോട്ടോർ വാഹന വകുപ്പിന്റെ നീക്കം. നിറമൺകര,കരമന,പൂജപ്പുര,ബേക്കറി,മെഡിക്കൽ കോളേജ്,പോങ്ങുംമൂട് റൂട്ടിലോടുന്ന ഏക സ്വകാര്യ ബസ് കരമന,പൂജപ്പുര,ബേക്കറി റൂട്ട് ഒഴിവാക്കാനാണ് അപേക്ഷിച്ചിട്ടുള്ളത്.

പേരൂർക്കട എ.കെ.ജി നഗർ - പൂന്തുറ ബസിന് എ.കെ.ജി നഗർ ഒഴിവാക്കി മറ്റൊരു റൂട്ട് വേണമെന്നാണ് ആവശ്യം. പോങ്ങുംമൂട് പള്ളിമുക്ക് റൂട്ടിൽ സർവ്വീസ് നടത്തുന്ന സ്വകാര്യബസ്,സ്‌പെൻസർ ജംഗ്ഷനിൽ നിന്ന് കിഴക്കേകോട്ടയിലെത്തി തിരികെ സ്‌പെൻസർ ജംഗ്ഷനിലെത്തി യാത്ര തുടരാനാണ് അനുമതി തേടിയത്. ഈ ആവശ്യങ്ങളിലെല്ലാം മോട്ടോർ വാഹനവകുപ്പ് അനുകൂല റിപ്പോർട്ട് നൽകിയാണ്,റീജിയണൽ ട്രാൻസ്‌പോർട്ട് അതോറിട്ടിയുടെ പരിഗണനയ്ക്ക് കൈമാറിയിരിക്കുന്നത്.

രാവിലെ 5മുതൽ രാത്രി 10.30വരെ നഗരത്തിൽ സ്വകാര്യബസുകൾക്ക് പെർമിറ്റുണ്ട്.രാവിലെയും രാത്രിയുമുള്ള യാത്രകൾ ഭൂരിഭാഗം സ്വകാര്യബസുകളും റദ്ദാക്കുന്നുണ്ടെങ്കിലും ഇത് സംബന്ധിച്ച് ഒരു റിപ്പോർട്ട് പോലും മോട്ടോർ വാഹനവകുപ്പ് ആർ.ടിഎ ബോർഡിന് വച്ചിട്ടില്ല. 74 ബസുകളുടെ പെർമിറ്റ് പുതുക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കേണ്ടത് ജില്ലാ കളക്ടർ അദ്ധ്യക്ഷയായ സമിതിയാണ്.