വർക്കല: ഇലകമണിൽ തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ ഒരു സ്കൂൾ വിദ്യാർത്ഥിയടക്കം 20 പേർക്ക് പരിക്കേറ്റു.
പഞ്ചായത്തിലെ അഞ്ചാം വാർഡിൽ ഏറത്തുവാതുക്കൽ-കിഴക്കേപ്പുറം റോഡിൽ ഇലകമൺ ഏലാതോടിന് സമീപമാണ് കഴിഞ്ഞദിവസം റോഡിലൂടെ നടന്ന് പോയവരെയും കുളക്കടവിൽ നിന്നവരെയും നായ്ക്കൂട്ടം ആക്രമിച്ചത്. നിസാര പരിക്കേറ്റവരും ആഴത്തിൽ മുറിവേറ്റവരും ഉൾപ്പെടെയുള്ളവർ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി. പ്രദേശത്ത് തെരുവുനായ ശല്യം വർദ്ധിക്കുന്നതായി പരാതി വ്യാപകമായിട്ടും പഞ്ചായത്ത് നടപടി സ്വീകരിക്കുന്നില്ലെന്ന് പഞ്ചായത്തംഗം വിനോജ് വിശാൽ ആരോപിച്ചു. എ.ബി.സി പദ്ധതി നടപ്പിലാക്കണമെന്ന ആവശ്യവും ശക്തമാണ്. പുതുവൽ പ്രദേശത്ത് സമീപകാലത്തായി തെരുവുനായ ആക്രമണത്തിൽ പരിക്കേറ്റ പശു പേവിഷ ബാധയേറ്റ് ചത്തിരുന്നു.