1

തിരുവനന്തപുരം: പൂജപ്പുര സെൻട്രൽ ജയിലിൽ തടവുകാരുടെ എണ്ണം വർദ്ധിച്ചതോടെ ഇവരെ അട്ടക്കുളങ്ങരയിലെ വനിതാ ജയിലിലേക്ക് മാറ്റുന്നത് ചെറിയ ആശ്വാസം നൽകും. വനിതാ ജയിലിലെ തടവുകാരെ പൂ‌ജപ്പുര സെൻട്രൽ ജയിലിലേക്ക് മാറ്റാനുള്ള ദക്ഷിണമേഖല ജയിൽ ഡി.ഐ.ജിയുടെ ശുപാർശയ്ക്കാണ് സർക്കാർ ഇന്നലെ അനുമതി നൽകിയത്.ഇത് ചൂണ്ടിക്കാട്ടി കേരള കൗമുദി റിപ്പോർട്ട് നൽകിയിരുന്നു.

പൂജപ്പുരയിൽ വനിതാ തടവുകാർക്കുള്ള പ്രത്യേക ബ്ലോക്കിലാണ് അട്ടക്കുളങ്ങരയിലെ 60 വനിതാ തടവുകാരെ പാർപ്പിക്കുക. 300 പേരെ പാർപ്പിക്കാൻ സൗകര്യമുള്ള അട്ടക്കുളങ്ങര വനിതാജയിലിൽ 35 വനിതാതടവുകാർ മാത്രമുള്ള സാഹചര്യത്തിൽ ഇവരെ പൂജപ്പുരയിലെ പ്രത്യേക ബ്ളോക്കിൽ പാർപ്പിക്കും.

പൂജപ്പുരയിലെ പഴയ വനിതാ ബ്ലോക്കിലിപ്പോൾ 110 പുരുഷ തടവുകാരെയാണ് പാർപ്പിച്ചിരിക്കുന്നത്. 2011വരെ പൂജപ്പുര സെൻട്രൽ ജയിലിലെ പ്രത്യേക ബ്ലോക്കിലായിരുന്നു വനിതാതടവുകാരെ പാർപ്പിച്ചിരുന്നത്. വനിതാതടവുകാർക്ക് സ്വതന്ത്രമായി ജോലി ചെയ്യാനും ബന്ധുക്കളെത്തുമ്പോൾ കാണാനുമെല്ലാം സൗകര്യമുണ്ടാകണമെന്ന നിവേദനത്തെ തുടർന്നാണ് അലക്‌സാണ്ടർ ജേക്കബ് ജയിൽ മേധാവിയായിരുന്നപ്പോൾ അട്ടക്കുളങ്ങരയിലേക്ക് വനിതാ തടവുകാരെ മാറ്റിയത്. അന്ന് നെയ്യാറ്റിൻകരയിലെ വനിതാ ജയിലിൽ കഴിഞ്ഞിരുന്ന തടവുകാരെയും അട്ടക്കുളങ്ങരയിലേക്ക് മാറ്റി.

ജില്ലാ ജയിലായി പ്രവർത്തിച്ചിരുന്ന അട്ടക്കുളങ്ങരയിലെ പുരുഷ തടവുകാരെ അന്ന് പൂജപ്പുര ജയിലേക്കും മാറ്റിയിരുന്നു. നിലവിൽ 727 പേരെ പാർപ്പിക്കാവുന്ന പൂജപ്പുര സെൻട്രൽ ജയിലിൽ ശിക്ഷിക്കപ്പെട്ടവരും വിചാരണത്തടവുകാരും റിമാൻഡ് പ്രതികളുമടക്കം 1700 തടവുകാരുണ്ട്.

വിയോജിപ്പ് മറികടന്ന്

ജയിൽ മാറ്റത്തിൽ വനിതാ ജീവനക്കാർ ഉന്നതതല യോഗത്തിൽ വിയോജിപ്പ് അറിയിച്ചിരുന്നു. ഇത് മറികടന്നാണ് ഇപ്പോഴുള്ള ജയിൽ മാറ്റം. പൂജപ്പുര സെൻട്രൽ ജയിലിൽ വനിതാ തടവുകാർക്ക് പ്രത്യേക പ്രവേശന കവാടമായിരിക്കുമെന്ന് ജയിൽ അധികൃതർ പറ‌ഞ്ഞു. ആലപ്പുഴ,കൊല്ലം,​പത്തനംതിട്ട ജില്ലകളിലെ ജയിലുകളിൽ അന്തേവാസികളുടെ എണ്ണം കൂടുമ്പോൾ പ്രതികളെ പൂജപ്പുരയിലെത്തിക്കുന്നുണ്ട്.

പൂജപ്പുര സങ്കീർണം

പൂജപ്പുര സെൻട്രൽ ജയിലിൽ 25പേരെ പാർപ്പിക്കേണ്ട ഒരു സെല്ലിൽ കഴിയുന്നത് 70-80 തടവുകാരാണ്. തിങ്ങിഞെരുങ്ങിയാണ് തടവുകാരുടെ പാർപ്പ്. ഒരാൾക്ക് കിടക്കാവുന്ന പായയിൽ കിടന്നുറങ്ങുന്നത് നാലുപേർ. ഉറക്കത്തിൽ ശരീരങ്ങൾ തമ്മിൽ തട്ടിയെന്നാരോപിച്ച് തടവുകാർ തമ്മിൽ സംഘർഷം പതിവാണ്. ജയിലിൽ രാഷ്ട്രീയ സംഘർഷ സാദ്ധ്യതയെന്ന് കാട്ടി രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് നൽകിയിരുന്നു.