തിരുവനന്തപുരം: ഗാസയ്ക്ക് ഐക്യദാർഢ്യവുമായി ശിശുക്ഷേമ സമിതിയിലെ കുരുന്നുകളുടെ കലോത്സവത്തിന് തുടക്കമായി. മേയർ ആര്യാരാജേന്ദ്രനും അഞ്ഞൂറോളം കുട്ടികളും വിശിഷ്ടാതിഥികളും ചേർന്ന് പെരുമ്പറമുഴക്കി മുഷ്ടിചുരുട്ടി ഉച്ചത്തിൽ വിളിച്ചു.


വിവാ വിവാ പാലസ്തീൻ
വിവാ വിവാ ഗാസാ
നോ,നോ.. വാർ....
നോ,നോ, വെപ്പൺ
വീ വാണ്ട് വേൾഡ് പീസ്
വീ വാണ്ട് ഗാസാ പീസ്....
ശിശുക്ഷേമസമിതി ജില്ലയിലെ നഴ്സറി മുതൽ ഹയർസെക്കൻഡറി വരെയുള്ള കുട്ടികൾക്കായി സംഘടിപ്പിക്കുന്ന ശിശുദിന കലാസാഹിത്യ മത്സരങ്ങൾ വർണോത്സവം 25ന്റെ ഉദ്ഘാടനം മേയർ നിർവഹിച്ചു. ജനറൽ സെക്രട്ടറി ജി.എൽ.അരുൺ ഗോപി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറർ കെ.ജയപാൽ,പ്രോഗ്രാം കമ്മിറ്റി ചെയർമാനും ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറിയുമായ എൻ.എസ്.വിനോദ്,നഗരസഭാ കൗൺസിലർ ജി.മാധവദാസ്, സുനിത ജി.എസ് എന്നിവർ സംസാരിച്ചു.രാവിലെ കുട്ടികളുടെ ചിത്രരചനാ മത്സരത്തോടെയായിരുന്നു വർണോത്സവത്തിന്റെ തുടക്കം. ഇന്ന് വിവിധ വേദികളിലായി മോഹിനിയാട്ടം,സംഘനൃത്തം,കീബോർഡ്,കടലാസ് ശില്പ നിർമ്മാണം,വാർത്ത തയ്യാറാക്കൽ,​ മലയാളം കേട്ടെഴുത്ത് എന്നിവ നടക്കും.

നഴ്സറി കലോത്സവം

തിയതി മാറ്റി
വർണോത്സവത്തോടനുബന്ധിച്ച് ജില്ലയിലെ നഴ്സറി അങ്കണവാടി കുട്ടികൾക്കായി ശിശുക്ഷേമസമിതി സംഘടിപ്പിക്കുന്ന നഴ്സറി കലോത്സവം 25ലേക്ക് മാറ്റി.