തിരുവനന്തപുരം: പാതിവില തട്ടിപ്പ് കേസ് അന്വേഷണം അട്ടിമറിക്കാനുള്ള നീക്കത്തിനെതിരെ ആം ആദ്മി പാർട്ടിയുടെ നേതൃത്വത്തിൽ നിയമസഭയിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിനുനേരെ പൊലീസിന്റെ ജലപീരങ്കി പ്രയോഗം.സെക്രട്ടേറിയറ്റിന് മുൻപിൽ നിന്നും ആരംഭിച്ച മാർച്ചിൽ നൂറുകണക്കിന് ആം ആദ്മി പാർട്ടി പ്രവർത്തകരും ആക്ഷൻ കൗൺസിൽ അംഗങ്ങളും പങ്കെടുത്തു.സർക്കാരിനെതിരെ മുദ്രാവാക്യം വിളിച്ചെത്തിയ മാർച്ച് നിയമസഭയ്ക്ക് മുന്നിൽ പൊലീസ് തടഞ്ഞു.അഡ്വ.വിനോദ് മാത്യു വിൽസണും ആക്ഷൻ കൗൺസിൽ രക്ഷാധികാരി അഡ്വ.ബേസിൽ ജോണും സംസാരിച്ചതിന് ശേഷം മുദ്രാവാക്യം വിളിച്ചുകൊണ്ടിരുന്ന പ്രവർത്തകർക്ക് നേരെയാണ് പൊലീസ് ജലപീരങ്കി പ്രയോഗിച്ചത്.വിനോദ് മാത്യു വിൽസൺ മാർച്ച് ഉദ്ഘാടനം ചെയ്തു.എ.എ.പി സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് ഡോ.സെലിൻ ഫിലിപ്പ്,ജനറൽ സെക്രട്ടറി അരുൺ.എ,​ജില്ലാ പ്രസിഡന്റുമാരായ അഭിലാഷ് ദാസ്,ജോയി തോമസ് ആനിത്തോട്ടം,ഇർഷാദ്,ഷാജു.കെ.വൈ,വിനു.കെ,ആക്ഷൻ കൗൺസിൽ ചെയർപേഴ്സൺ ലിസി ബാബു,സജിത എന്നിവർ പങ്കെടുത്തു.