sabha

തിരുവനന്തപുരം: ശബരിമല സ്വർണപ്പാളി വിഷയത്തിൽ സഭാനടപടികൾ തടസപ്പെടുത്തിയുള്ള പ്രതിപക്ഷ ബഹളം മൂന്ന് അംഗങ്ങളുടെ സസ്പെൻഷനിൽ കലാശിച്ചു. എം.വിൻസെന്റ്, സനീഷ്‌കുമാർ, റോജി എം.ജോൺ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. ചീഫ് മാർഷൽ ഷിബുവിന്റെ വലതു കൈയ്ക്ക് പരിക്കേറ്റതിലാണ് നടപടി. സ്പീക്കറുടെ ഡയസിലേക്ക് പ്രതിപക്ഷാംഗങ്ങൾ ഓടിക്കയറാൻ ശ്രമിച്ചത് വാച്ച് ആൻഡ് വാർഡ് തടഞ്ഞു. ഉന്തിലും തള്ളിനുമിടെ ചീഫ് മാർഷലിന് പരിക്കേൽക്കുകയിയിരുന്നു.

മന്ത്രി എം.ബി.രാജേഷ് നടപടി ആവശ്യപ്പെട്ട് അവതരിപ്പിച്ച പ്രമേയം സ്പീക്കർ അംഗീകരിച്ചു. പ്രതിപക്ഷം സഭ ബഹിഷ്കരിച്ച വേളയിലായിരുന്നു പ്രമേയാവതരണം. മെഡിക്കൽ കോളേജ് ആശുപത്രിയിലുള്ള ചീഫ് മാർഷലിന് ശസ്ത്രക്രിയ വേണമെന്ന് ഡോക്ടർമാർ അറിയിച്ചതായി മന്ത്രി പറഞ്ഞു.

ഇന്നലെ സഭ സമ്മേളിച്ചയുടൻ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. പ്രതിപക്ഷാംഗത്തെ മുഖ്യമന്ത്രി ബോഡി ഷെയിമിംഗ് നടത്തിയെന്ന് സതീശൻ ആരോപിച്ചു. ക്രമപ്രശ്നം ശൂന്യവേളയിൽ ഉന്നയിക്കാൻ സ്പീക്കർ പറഞ്ഞു. മന്ത്രിമാർ വായിൽത്തോന്നിയത് പറഞ്ഞപ്പോൾ ഒന്നും മിണ്ടാത്തതെന്തെന്ന് സതീശൻ തിരിച്ചടിച്ചു. ഇതോടെ പ്രതിപക്ഷാംഗങ്ങൾ ബാനറുമായി വന്ന് സ്പീക്കറെ മറച്ചുപിടിച്ചു. സ്‌പീക്കർക്ക് പ്രതിരോധംതീർത്ത് വാച്ച് ആൻഡ് വാർഡ് നിരന്നു.


ബാനർ നീക്കാൻ സ്‌പീക്കർ വാച്ച് ആൻഡ് വാർഡിനോട് ആവശ്യപ്പെട്ടു. അവർ പിടിച്ചുവലിച്ചതോടെ രണ്ടായി കീറിപ്പോയി. 'അയ്യപ്പന്റെ സ്വർണം ചെമ്പാക്കിയ രാസവിദ്യ" എന്നെഴുതിയ രണ്ടാമത്തെ ബാനറും നീക്കം ചെയ്യാൻ സ്പീക്കർ ആവർത്തിച്ച് ആവശ്യപ്പെട്ടെങ്കിലും നജീബ് കാന്തപുരം കയർത്തതോടെ വാച്ച് ആൻഡ് വാർഡുമാർ പിൻവാങ്ങി. മുഖ്യമന്ത്രി ഒരംഗത്തിന്റേയും പേര് പറഞ്ഞിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് അക്രമത്തിന് ആഹ്വാനം ചെയ്യുകയാണെന്നും മന്ത്രി രാജേഷ് പറഞ്ഞു.

 നാലാം ദിവസവും പ്രക്ഷുബ്ധം

തുടർച്ചയായി നാലാം ദിനമാണ് സഭയിൽ ബഹളവും സ്തംഭനവും. ചോദ്യോത്തരവേള അവസാനിച്ച് ശ്രദ്ധ ക്ഷണിക്കലിലേക്ക് കടന്നപ്പോഴാണ് അൻവർ സാദത്തിന്റെ നേതൃത്വത്തിൽ ഡയസിലേക്ക് കയറാൻ ശ്രമിച്ചത്. ബഹളത്തെ തുടർന്ന് സഭ നിറുത്തിവച്ചു. 25 മിനിട്ടിന് ശേഷം സമ്മേളിച്ചപ്പോൾ ചീഫ് മാർഷലിന് പരിക്കേറ്റതായി സ്പീക്കർ അറിയിച്ചു. കൈ ഒടിഞ്ഞെന്ന് മുൻപ് കള്ള സർട്ടിഫിക്കറ്റു ഹാജരാക്കിയ ആളാണ് ചീഫ് മാർഷലെന്ന് സതീശൻ ആരോപിച്ചു. ഇപ്പോഴുള്ളത് പുതിയ ആളെന്ന് സ്പീക്കർ തിരുത്തി. സ്വർണ മോഷണത്തിൽ നടപടി എടുക്കാതെ പിന്നോട്ടില്ലെന്ന് പ്രഖ്യാപിച്ച് പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു.