
കിളിമാനൂർ: പോങ്ങനാട്ടുകാരുടെ ദീർഘകാലത്തെ ആവശ്യവും ആഗ്രഹവുമായിരുന്നു പോങ്ങനാട്ടെ സ്റ്റേഡിയം നവീകരണമെന്നത്. ആദ്യഘട്ടമായി സ്റ്റേഡിയത്തിൽ നിർമ്മിക്കുന്ന വോളിബാൾ കോർട്ടിന്റെ നിർമ്മാണോദ്ഘാടനം കഴിഞ്ഞ ദിവസം നടന്നു. സ്റ്റേഡിയത്തിലെ വെള്ളക്കെട്ട് പരിഹരിക്കുന്ന രീതിയിൽ ശാസ്ത്രീയമായാണ് നിർമ്മാണം.വർഷങ്ങളായി ചെളിക്കെട്ടും കുഴിയുമായി കിടക്കുന്ന സ്റ്റേഡിയത്തിന്റെ നിർമ്മാണത്തിനായി പ്രദേശവാസികൾ മുട്ടാത്ത വാതിലുകളില്ല. പോങ്ങനാട് ജംഗ്ഷനോട് ചേർന്നുണ്ടായിരുന്ന വലിയകുളം പായലും മാലിന്യങ്ങളും മൂടി ഉപയോഗശൂന്യമായതോടെയാണ് നികത്തി കളിസ്ഥലമുണ്ടാക്കാൻ 35 വർഷം മുൻപ് അന്നത്തെ പഞ്ചായത്ത് ഭരണസമിതി തീരുമാനമെടുത്തത്. താഴ്ന്ന സ്ഥലമായതിനാൽ തുടക്കം മുതൽ വെള്ളക്കെട്ട് വെല്ലുവിളിയായിരുന്നു. ശാസ്ത്രീയമാർഗങ്ങൾ ഉപയോഗിച്ച് വെള്ളക്കെട്ട് ഒഴിവാക്കാനോ, സ്റ്റേഡിയമെന്ന നിലയിൽ മതിയായ സൗകര്യങ്ങളൊരുക്കി നവീകരിക്കാനോ നടപടിയുണ്ടായില്ല.
വേനലിൽ വെള്ളക്കെട്ട്
ജില്ലാ പഞ്ചായത്ത് മുൻ ഭരണസമിതിയുടെ കാലത്ത് വെള്ളക്കെട്ട് ഒഴിവാക്കാൻ വശങ്ങളിൽ സംരക്ഷണ ഭിത്തി കെട്ടിയതാണ് ഒടുവിൽ നടന്ന നവീകരണം. ഇതിനൊപ്പം നിർമ്മിക്കുമെന്ന് പ്രഖ്യാപിച്ചിരുന്ന ഗ്യാലറി, നടപ്പാത എന്നിവയെല്ലാം പ്രഖ്യാപനങ്ങൾ മാത്രമായി ഒതുങ്ങി. വേനലിൽ ഉറച്ചുകിടക്കുന്ന സ്റ്റേഡിയം വേനൽമഴ പെയ്യുന്നതോടെ വെള്ളക്കെട്ടാവും. വേനലിലെ ഏതാനും മാസങ്ങൾ മാത്രമാണ് ഈ കളിക്കളം ഉപയോഗിക്കാൻ കഴിയുന്നത്. മഴ പെയ്യുന്ന സമയങ്ങളിലെല്ലാം വെള്ളക്കെട്ടും ചെളിയുമാണ്.
മണ്ണിട്ട് പ്രതലമുയർത്തി
പഞ്ചായത്തിലെ വിവിധയിടങ്ങളിലെ നിർമ്മാണങ്ങൾക്ക് നീക്കം ചെയ്യുന്ന മണ്ണ് കൊണ്ടിട്ടാണ് പ്രതലം ഉയർത്തിയത്. ഇത് ശരിയായി നിരപ്പാക്കാത്തതിനാൽ കുണ്ടും കുഴികളുമാണ്. കൊണ്ടിട്ട മണ്ണ് കൂട്ടിയിട്ട നിലയിൽ വശങ്ങളിൽ പലയിടത്തായി കിടക്കുകയാണ്. പോങ്ങനാട് ഗവ.യു.പി സ്കൂളിനെ ഹൈസ്കൂളായി ഉയർത്തിയപ്പോൾ കുട്ടികൾക്ക് മതിയായ സൗകര്യങ്ങളുള്ള കളിസ്ഥലമായി ഈ സ്റ്റേഡിയമാണ് നിർദ്ദേശിക്കപ്പെട്ടിരുന്നത്.
സംരക്ഷണ ഭിത്തി നിർമ്മിച്ചു
സ്കൂൾ പ്രവർത്തനമാരംഭിച്ച് പതിറ്റാണ്ട് പിന്നിട്ടിട്ടും പുതിയ കെട്ടിടമുൾപ്പെടെയുള്ള സൗകര്യങ്ങൾ വന്നെങ്കിലും കളിസ്ഥലം മാത്രം നവീകരിക്കപ്പെട്ടില്ല.സ്കൂൾ കവാടം,കളിസ്ഥലം ഉൾപ്പെടെ നിർമ്മിക്കാൻ ജില്ലാപഞ്ചായത്ത് ഫണ്ടനുവദിച്ചതിൽ കുറച്ച് തുക ചെലവിട്ട് വശങ്ങളിൽ സംരക്ഷണഭിത്തി നിർമ്മിച്ചു. നിർമ്മാണം പൂർത്തീകരിക്കാൻ തുക പര്യാപ്തമല്ലാത്തതിനാൽ ബാക്കി തുക സ്കൂളിലെ ശൗചാലയമടക്കം നിർമ്മിക്കുന്നതിനായി ചെലവിടുകയായിരുന്നു.