
പരാതിപറഞ്ഞിട്ടും നടപടിയില്ല
പാലോട്: നന്ദിയോട്,പെരിങ്ങമ്മല പഞ്ചായത്തുകളിലെ പ്രധാന ജംഗ്ഷനുകളിൽ തെരുവുനായ്ക്കൾ കാരണം പൊറുതിമുട്ടിയിരിക്കുകയാണ്. നിരവധിതവണ അധികാരികളോട് പരാതിപറഞ്ഞ് മടുത്തിട്ടും ഇതുവരെ യാതോരു നടപടിയുമില്ല. പ്രദേശത്ത് ഇരുചക്രവാഹനയാത്രക്കാരും കാൽനടയാത്രക്കാരും പേടിയോടെയാണ് ഇതുവഴി കടന്നുപോകുന്നത്. രാത്രിയായാൽ നായ്ക്കൂട്ടം കൂടുതൽ ആക്രമണകാരികളാകുന്നതിനാൽ കഴിഞ്ഞ രണ്ടു മാസത്തിനിടെ അപകടത്തിൽപ്പെട്ട് ചികിത്സയിൽകഴിയുന്ന ഇരുചക്രവാഹന യാത്രക്കാരുടെ എണ്ണം വളരെ കൂടുതലാണ്. പൊതുജനങ്ങളെയും വളർത്തുമൃഗങ്ങളെയും ഇവ ആക്രമിക്കും. നഗരത്തിൽ നിന്ന് പിടികൂടിയ നായ്ക്കളെ ഗ്രാമീണ മേഖലയിൽ കൊണ്ടുതള്ളുന്നതായും ആക്ഷേപമുണ്ട്. ഒഴിഞ്ഞ പറമ്പുകൾ,പണി പൂർത്തിയാകാത്ത കെട്ടിടങ്ങൾ, ഇടവഴികൾ തുടങ്ങിയ ഇടങ്ങളാണ് ഇവറ്റകളുടെ പ്രധാന താവളം. പൊതുനിരത്തിൽ കൂടി നടന്നുപോകാനും കഴിയില്ല.
പ്രധാന കേന്ദ്രങ്ങൾ
പെരിങ്ങമ്മല ജംഗ്ഷൻ, ആശുപത്രി കോമ്പൗണ്ട്, കുശവൂർ, തെന്നൂർ, കോളേജ് ജംഗ്ഷൻ, പാലോട് ആശുപത്രി ജംഗ്ഷൻ, നന്ദിയോട് മാർക്കറ്റ് ജംഗ്ഷൻ, പച്ച ശാസ്താക്ഷേത്ര പരിസരം,ഓട്ടുപാലം, പച്ച, കാലൻകാവ്, പൊട്ടൻചിറ, വട്ടപ്പൻകാട്, ആലുംമ്മൂട്,പെരിങ്ങമ്മല മാർക്കറ്റ് ജംഗ്ഷൻ,എക്സ്. കോളനി, ചല്ലിമുക്ക്
നടപടികൾ സ്വീകരിക്കുന്നില്ല
വാമനപുരം ബ്ലോക്ക് പഞ്ചായത്തിന്റെ നിയന്ത്രണത്തിൽ പാങ്ങോട് പഞ്ചായത്തിലാണ് നായ്ക്കൾക്കുള്ള ഷെൽറ്ററിന് സ്ഥലം കണ്ടെത്തിയത്. പദ്ധതിക്കായി ഒരേക്കർ സ്ഥലം വേണം. എന്നാൽ പ്രഖ്യാപനം നടന്ന് മാസങ്ങൾ കഴിഞ്ഞിട്ടും അടിസ്ഥാന സൗകര്യങ്ങൾക്കു പോലും ത്രിതല പഞ്ചായത്ത് ഭരണസമിതികൾക്ക് കഴിഞ്ഞിട്ടില്ല. കൂടാതെ ഓരോ പഞ്ചായത്തും നിശ്ചിത തുക ഈ പദ്ധതിയിലേക്കായി നൽകണമെന്ന നിർദേശം സർക്കാർ നൽകിയിട്ടും പഞ്ചായത്തധികാരികൾ നടപടികൾ സ്വീകരിച്ചിട്ടില്ല.
പ്രതിരോധവും പാളി
നാട്ടിൽ അലഞ്ഞുതിരിഞ്ഞു നടക്കുന്ന തെരുവുനായ്ക്കൾക്കായി നൽകുന്ന പ്രതിരോധ കുത്തിവയ്പിന് നന്ദിയോട് പഞ്ചായത്തിൽ തുടക്കമായെങ്കിലും ഫലപ്രദമായി നടപ്പിലാക്കാൻ കഴിഞ്ഞില്ല എന്നതാണ് യാഥാർത്ഥ്യം. നിലവിൽ 400 ലധികം തെരുവുനായ്ക്കൾക്ക് വാക്സിൻ നൽകിയതായും ശേഷിക്കുന്നവയെ കൂടി കണ്ടെത്തി വാക്സിൻ നൽകുമെന്നുമാണ് അധികൃതർ പറയുന്നത്.
പ്രതികരണം
നന്ദിയോട് പഞ്ചായത്തിൽ എ.ബി.സി പദ്ധതി നടപ്പിലാക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. പഞ്ചായത്തിന് നൽകിയ പ്രൊപ്പോസൽ ജില്ലാ പഞ്ചായത്തിൽ നിന്ന് പാസായാൽ ഉടൻ നടപടി ആരംഭിക്കും. പദ്ധതിക്കായുള്ള സ്ഥലം കണ്ടെത്തിയിട്ടുണ്ട്.
ഡോ. പി. സി.ദിവ്യ, വെറ്ററിനറി സർജൻ, നന്ദിയോട് സർക്കാർ മൃഗാശുപത്രി.