
നെയ്യാറ്റിൻകര: തെരുവുനായ ശല്യത്തിനെതിരെ ബി.ജെ.പി കൗൺസിലർമാർ നെയ്യാറ്റിൻകര നഗരസഭയിൽ വളർത്തുനായയുമായെത്തി കുത്തിയിരുന്ന് പ്രതിഷേധിച്ചു. തെരുവുനായ്‌ക്കളെ നിയന്ത്രിക്കാൻ നടപടികൾ സ്വീകരിക്കണമെന്ന് നിരവധി തവണ കൗൺസിൽ യോഗങ്ങളിൽ ആവശ്യപ്പെട്ടിട്ടും അധികൃതർ അനാസ്ഥ കാണിച്ചതിനെതിരെയാണ് പ്രതിഷേധം. ജനങ്ങൾ നിരന്തരം തെരുവുനായ ആക്രമണത്തിന് ഇരയാകുമ്പോഴും നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ കുത്തിവയ്പിനുള്ള അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലെന്ന് പ്രതിഷേധക്കാർ ചൂണ്ടിക്കാട്ടി.
കേന്ദ്ര സർക്കാരിന്റെ സമ്പൂർണ ടോയ്‌ലെറ്റ് പദ്ധതിയുടെ ഫണ്ടുകൾ പൂർണമായി വിതരണം ചെയ്യാത്തതിനെതിരെ കൗൺസിലർമാർ ചെയർമാന്റെ ഡയസിൽ ക്ലോസറ്റ് വച്ച് പ്രതിഷേധിച്ചു.
കേന്ദ്രസർക്കാർ പദ്ധതികളെ എൽ.ഡി.എഫ്–യു.ഡി.എഫ് കൂട്ടുകെട്ട് അട്ടിമറിച്ചെന്നും ആരോപണം ഉയർന്നു. നഗരസഞ്ചയപദ്ധതി പ്രകാരം അനുവദിച്ച രണ്ട് കോടിയുടെ ഫണ്ടിൽ നിന്ന് ശ്രീകൃഷ്ണസ്വാമി ക്ഷേത്രം കടവ് മുതൽ രാമേശ്വരം,കൃഷ്ണപുരം ആറാട്ടുകടവ് വരെയുള്ള നിർമാണവും നെയ്യാർ നദിയുടെ ബ്യൂട്ടിഫിക്കേഷനും ഉൾപ്പെടെയുള്ള പദ്ധതികളെ നഗരസഭ ചെയർമാനും യു.ഡി.എഫ് കൗൺസിലറും ചേർന്ന് അട്ടിമറിച്ചെന്നും അവർ ആരോപിച്ചു.
പ്രതിഷേധ ധർണയ്ക്ക് ബി.ജെ.പി പാർലമെന്ററി പാർട്ടി ലീഡർ ഷിബുരാജ് കൃഷ്ണ നേതൃത്വം നൽകി. കൗൺസിലർമാരായ മഞ്ചത്തല സുരേഷ്,കല,വേണുഗോപാൽ,മരങ്ങാലി ബിനു,അജിത,സുമ തുടങ്ങിയവർ പങ്കെടുത്തു.