sndp

നെയ്യാറ്റിൻകര: പ്രവർത്തനങ്ങളിൽ മാറ്റങ്ങൾ ഉൾക്കൊണ്ട് സംഘടനയെ ശക്തിപ്പെടുത്തുന്നതിനായി എസ്.എൻ.ഡി.പി യോഗം നെയ്യാറ്റിൻകര,നേമം,പാറശാല,കുഴിത്തുറ യൂണിയനുകളിലെ നേതൃസംഗമം ഇന്ന് ഉച്ചയ്ക്ക് 2 മുതൽ നെയ്യാറ്റിൻകര എസ്.എൻ ഓഡിറ്റോറിയത്തിൽ നടക്കും. നേതൃസംഗമത്തോടനുബന്ധിച്ചുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായതായി പ്രോഗ്രാം കോ ഓർഡിനേറ്ററും പത്തനംതിട്ട യൂണിയൻ പ്രസിഡന്റുമായ കെ.പത്മകുമാർ അറിയിച്ചു.

ഗുരുദേവ ചിത്രത്തിനു മുന്നിൽ എസ്.എൻ.ഡി.പി യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി ഭദ്രദീപം തെളിക്കുന്നതോടെ യോഗത്തിന് തുടക്കമാകും. ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ അദ്ധ്യക്ഷത വഹിക്കും. തുഷാർ വെള്ളാപ്പള്ളി സംഘടനാ വിശദീകരണവും ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് സംഘടനാ സന്ദേശവും അവതരിപ്പിക്കും.

നെയ്യാറ്റിൻകര യൂണിയൻ പ്രസിഡന്റ് സൂരജ് കുമാർ കെ.വി,സെക്രട്ടറി ആവണി ബി.ശ്രീകണ്ഠൻ,നേമം യൂണിയൻ പ്രസിഡന്റ് സുപ്രിയ സുരേന്ദ്രൻ,സെക്രട്ടറി മേലാങ്കോട് വി.സുധാകരൻ,പാറശാല യൂണിയൻ കൺവീനർ ജയൻ എസ്.ഊരമ്പ്,കുഴിത്തുറ യൂണിയൻ പ്രതിനിധി ഹിന്ദുസ്ഥാൻ ബി.മണികണ്ഠൻ തുടങ്ങിയവർ പങ്കെടുക്കും.

യോഗത്തിനുശേഷം നേതാക്കളും യൂണിയൻ ഭാരവാഹികളും ശാഖാ പ്രതിനിധികളും പങ്കെടുക്കുന്ന സ്നേഹവിരുന്നും സംഘടിപ്പിച്ചിട്ടുണ്ട്.

നെയ്യാറ്റിൻകര,നേമം,പാറശാല,കുഴിത്തുറ യൂണിയനുകളിലെ 141 ശാഖകളിൽ നിന്നായി ശാഖ-വനിതാസംഘം-യൂത്ത് മൂവ്മെന്റ്-കുടുംബയൂണിറ്റ്-സ്വയം സഹായസംഘം-പോഷക സംഘടനകൾ എന്നിവയിലെ ഭാരവാഹികളായ 5,000 പ്രതിനിധികൾ പങ്കെടുക്കും.

നിർദ്ദേശങ്ങൾ

ശാഖകളിൽ നിന്നെത്തുന്ന നേതാക്കൾ ഉച്ചയ്ക്ക് 2ന് മുമ്പ് ഓഡിറ്റോറിയത്തിലെത്തണം. ആദ്യമെത്തുന്നവർക്ക് ഓഡിറ്റോറിയത്തിൽ ഇരിപ്പിടം ലഭ്യമാകും. തുടർന്നെത്തുന്നവർക്ക് മിനി ഓഡിറ്റോറിയത്തിലാണ് ഇരിപ്പിട സൗകര്യം ഒരുക്കിയിരിക്കുന്നത്. വനിതകൾക്ക് കേരളീയ വേഷവും പുരുഷന്മാർക്ക് വെള്ളഷർട്ടുമാണ് നിർദ്ദേശിച്ചിട്ടുള്ളത്.

വാഹനങ്ങൾ എത്തേണ്ടത്

അമരവിള ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾ നെയ്യാറ്റിൻകര ബസ്‌ സ്റ്റാൻഡ് ജംഗ്ഷനിലെ ഇന്ത്യൻ ഓയിൽ പമ്പിന് സമീപമുള്ള റോഡ് വഴി പ്രവേശിക്കണം. പ്രതിനിധികളെ ഇറക്കിയ ശേഷം വാഹനങ്ങൾ പാലക്കടവ് ഗ്രയ്സ് കൺവെൻഷൻ സെന്ററിലും സമീപത്തെ ഇഷ്ടിക കമ്പനിയുടെ കോമ്പൗണ്ടിലും പാർക്ക് ചെയ്യണം.

ബസ്‌സ്റ്റാൻഡിൽ നിന്നും വരുന്ന വാഹനങ്ങൾ അമ്മൻകോവിൽ,വിശ്വഭാരതി റോഡുവഴി ഓഡിറ്റോറിയത്തിൽ എത്തി പ്രതിനിധികളെ ഇറക്കി പാലക്കടവ് ഭാഗത്തേക്ക് പോകണം.

ഓഡിറ്റോറിയത്തിലും പാർക്കിംഗ് ഗ്രൗണ്ടുകളിലും വോളന്റിയർമാരെയും സുരക്ഷാ ഉദ്യോഗസ്ഥരേയും വിന്യസിക്കും. യൂണിയനിൽ നിന്നും ലഭിക്കുന്ന സ്റ്റിക്കർ വാഹനങ്ങളിൽ പതിപ്പിക്കണം. സ്റ്റിക്കർ പതിപ്പിച്ച വാഹനങ്ങളുടെ ഫോട്ടോ ഓഫീസ് സെക്രട്ടറിയുടെ ഫോണിലേക്ക് അയയ്‌ക്കണം.
യോഗം അവസാനിച്ചശേഷം വാഹനങ്ങൾ ഗ്രാമം റോഡുവഴി മടങ്ങണം.