
പാറശാല: പാറശാല പഞ്ചായത്തിൽ അമീബിക് മസ്തിഷ്കജ്വരത്തിന്റെ ലക്ഷണങ്ങളോടെ ഒരാളെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുള്ളുവിള വാർഡ് സ്വദേശിക്കാണ് പനിയുൾപ്പെടെയുള്ള ലക്ഷണങ്ങളുമായി ആദ്യം പാറശാല താലൂക്ക് ആശുപത്രിയിലെത്തിച്ചത്. തുടർന്ന് മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്യുകയായിരുന്നു. ഇയാൾ സമീപത്തെ ചെവിട്ടോട്ടുകുളത്തിൽ (പൊട്ടക്കുളം) കുളിച്ചതിന് പിന്നാലെയാണ് ലക്ഷണങ്ങൾ പ്രകടമായത്. മെഡിക്കൽ കോളേജിൽ നടത്തിയ പരിശോധനകളിലെ ആദ്യഫലം പോസിറ്റീവാണെന്ന് കണ്ടെത്തിയെങ്കിലും രോഗം ഉറപ്പിക്കാനായി രണ്ടാമത്തെ ഫലം കാത്തിരിക്കുകയാണ്. കുളത്തിലെ വെള്ളം ആരും ഉപയോഗിക്കാതിരിക്കാൻ ആരോഗ്യ പ്രവർത്തകരുടെ നേതൃത്വത്തിൽ കുളത്തിന്റെ പരിസരത്ത് ജാഗ്രതാ ബോർഡുകൾ സ്ഥാപിച്ചു. തുടർന്ന് സമീപത്തെ വീടുകളിൽ നിന്ന് വെള്ളം ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചു. ചെവിട്ടോട്ടുകുളം വൃത്തിഹീനമായി ദുർഗന്ധം പരത്തുന്ന നിലയിലാണ്. അതിനാൽ ആരും കുളത്തിൽ കുളിക്കാറില്ലെന്നും മഴക്കാലങ്ങളിൽ മലിനജലം ഉൾപ്പടെ കുളത്തിലേക്ക് ഒഴുകിയെത്താറുണ്ടെന്നും അതിനാൽ വെള്ളം മലിനമാണെന്നും നാട്ടുകാർ പറയുന്നു.