
നെയ്യാറ്റിൻകര: 2025-26 സാമ്പത്തിക വർഷത്തെ ഫണ്ട് റിവിഷനുമായി ബന്ധപ്പെട്ട ബ്ലോക്ക് പഞ്ചായത്തിന്റെ പ്രോജക്ട് തയ്യാറാക്കുന്നതിനുള്ള അടിയന്തര കമ്മിറ്റി യോഗം വിളിക്കാൻ ജോയിന്റ് ബി.ഡി.ഒ തയ്യാറാകാത്തതിൽ അതിയന്നൂർ ബ്ലോക്ക് പഞ്ചായത്തിൽ പ്രതിഷേധം. അടിയന്തര കമ്മിറ്റി ചേർന്ന് പ്രോജക്ട് ഫൈനലൈസ് ചെയ്യാനുള്ള നിർദ്ദേശം പ്രസിഡന്റ് നൽകിയിരുന്നെങ്കിലും ജോയിന്റ് ബി.ഡി.ഒ കമ്മിറ്റി വിളിക്കുകയോ ഔദ്യോഗിക അറിയിപ്പ് തയ്യാറാക്കുകയോ ചെയ്തില്ല. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി കൂടി അന്തിമ തീരുമാനം കൈക്കൊള്ളാനുള്ള നടപടികളും സ്വീകരിച്ചില്ല.
10ന് കാലാവധി അവസാനിക്കുന്നതിന് മുൻപ് റിവിഷൻ വഴി ബ്ലോക്ക് പഞ്ചായത്തിന് ലഭിക്കേണ്ട പ്രോജക്ടുകൾ സോഫ്റ്റ്‌വെയറിൽ എൻട്രി ചെയ്യുവാനും സാധിച്ചിട്ടില്ല. ആശുപത്രികളിലടക്കം ഫണ്ട് വിനിയോഗിക്കേണ്ട അടിയന്തര ആവശ്യങ്ങളുണ്ടായിരുന്നുവെന്നും പ്രസിഡന്റും ഭരണസമിതിയും ചൂണ്ടിക്കാട്ടി. ജോയിന്റ് ബി.ഡി.ഒയുടെ നിരുത്തരവാദപരമായും ധിക്കാരപരവുമായ സമീപനമാണ് ഫണ്ട് നഷ്ടപ്പെടാനുള്ള അവസ്ഥയുണ്ടാക്കിയതെന്ന് ഭരണസമിതി ആരോപിച്ചു.
പ്രസിഡന്റിന്റെ നേതൃത്വത്തിൽ ഭരണസമിതി അംഗങ്ങൾ ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു.
അടിയന്തരയോഗം വിളിക്കുന്നതിനായി പ്രസിഡന്റ് ഫോണിലൂടെ ജോയിന്റ് ബി.ഡി.ഒയുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും പ്രതികരണമുണ്ടായില്ലെന്നും ആരോപണമുണ്ട്. അതേസമയം സീനിയർ ഉദ്യോഗസ്ഥർ 11 മണിക്ക് ലീവ് രേഖപ്പെടുത്താതെ ഓഫീസ് വിട്ടതായും റിപ്പോർട്ടുകളുണ്ട്. ഇതിനെതിരെ ഭരണസമിതി പ്രതിഷേധം രേഖപ്പെടുത്തി.