തിരുവനന്തപുരം:ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ മുനമ്പം ജനതയുടെ റവന്യൂ അധികാരങ്ങൾ എത്രയും വേഗം പുന:സ്ഥാപിക്കാൻ സംസ്ഥാന സർക്കാർ തയ്യാറാവണമെന്ന് ബി.ജെ.പി.സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ആവശ്യപ്പെട്ടു. ഹൈക്കോടതി വിധി സംസ്ഥാന സർക്കാരിനും വഖഫ് ബോർഡിനും വലിയ തിരിച്ചടിയാണ്.
1950 ൽ ഫാറൂഖ് കോളേജിന് ഇഷ്ടദാനമായി ലഭിച്ച വസ്തുവിനെ വഖഫ് ആയി കാണാനാവില്ല എന്ന് വിധിയിലൂടെ ഹൈക്കോടതി വ്യക്തമാക്കിയിരിക്കുകയാണ്. മുനമ്പം ജനതയുടെ വിഷയത്തിൽ തുടക്കം മുതൽ ബിജെപി സ്വീകരിച്ചിരിക്കുന്ന നിലപാടാണിത്. മുനമ്പത്ത് വഖഫ് ബോർഡിന് അവകാശമൊന്നുമില്ലെന്ന് കോടതി തീർപ്പുകൽപ്പിച്ച സാഹചര്യത്തിൽ ജസ്റ്റിസ് സി.എൻ രാമചന്ദ്രൻ കമ്മീഷനും ഇനി പ്രസക്തിയില്ല. 69 വർഷങ്ങൾക്ക് മുമ്പ് മുനമ്പത്തുകാർക്ക് ലഭിച്ച ഭൂമി വഖഫ് ബോർഡ് അവകാശവാദം ഉന്നയിച്ച ഉടൻ വിട്ടു നൽകിയ സർക്കാർ നടപടി ന്യായീകരണമില്ലാത്തതാണ്.രാജീവ് ചന്ദ്രശേഖർ പറഞ്ഞു.