
സ്ഥിതി വിലയിരുത്താൻ
ആൻജിയോഗ്രാം നടത്തി
തിരുവനന്തപുരം : ജനറൽ ആശുപത്രിയിലെ ശസ്ത്രക്രിയാ പിഴവിനെ തുടർന്ന് കാട്ടാക്കട കിള്ളി സ്വദേശി സുമയ്യയുടെ നെഞ്ചിൽ കുടുങ്ങിയ ഗൈഡ് വയർ കീഹോളിലൂടെ പുറത്തെടുക്കാനുള്ള ശ്രമം പരാജയം. ഇതിനായി രണ്ടു വട്ടം ആൻജിയോഗ്രാം നടത്തിയെങ്കിലും ഫലമുണ്ടായില്ല.
മെഡിക്കൽ കോളേജ് ആശുപത്രിയിലെ കാർഡിയോളജി വിഭാഗം മേധാവി മാത്യു ഐപ്പിന്റെ നേതൃത്വത്തിലായിരുന്നു ശ്രമം. ഗൈഡ് വയറിന്റെ രണ്ടറ്റം ധമനിയുമായി ഒട്ടിച്ചേർന്ന നിലയിലാണ്. നെഞ്ചും വയറും തുറന്നുള്ള സങ്കീർണ ശസ്ത്രക്രിയയാണ് ഇനിയുള്ള ഏകമാർഗം. അതു വിജയിക്കുമോ എന്നതിൽ ഡോക്ടർമാർക്ക് ആശങ്കയുണ്ട്.
ഇക്കാര്യം ബന്ധുക്കളെ അറിയിച്ചു. വീട്ടുകാരും ആശങ്കയിലാണ്. ആശുപത്രിയിലുള്ള സുമയ്യ ഇന്ന് മടങ്ങും. മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകില്ലെന്നാണ് ഡോക്ടർമാരുടെ വിലയിരുത്തൽ. ശ്വാസതടസം അടക്കം കടുത്ത ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നുണ്ടെന്ന് സുമയ്യ മെഡിക്കൽ ബോർഡിനെ അറിയിച്ചിരുന്നു. നിയമനടപടികളിലേക്ക് കടക്കാനാണ് കുടുംബത്തിന്റെ തീരുമാനം. ചികിത്സാ രേഖകൾ ആവശ്യപ്പെട്ട് ആരോഗ്യവകുപ്പ് ഡയറക്ടർക്ക് അപേക്ഷ നൽകിയെങ്കിലും ഒരുമാസം കഴിഞ്ഞിട്ടും മറുപടി കിട്ടിയില്ലെന്ന് ബന്ധുക്കൾ പറയുന്നു.
രണ്ടുവർഷം മുൻപ് തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ തൈറോയ്ഡിന്റെ ശസ്ത്രക്രിയ നടക്കുന്നതിനിടെയാണ് നെഞ്ചിൽ ഗൈഡ് വയർ കുടുങ്ങിയത്. കഫക്കെട്ട് വന്നതിനെത്തുടർന്ന് എക്‌സ് റേ എടുത്തപ്പോഴാണ് ട്യൂബ് കണ്ടെത്തിയത്. ശസ്ത്രക്രിയ നടത്തിയ ഡോക്ടർ ഒഴിഞ്ഞു മാറുകയായിരുന്നു. ശസ്ത്രക്രിയ നടത്തിയ ഡോ. രാജീവ് കുമാറിന്റെയും ജൂനിയർ ഡോക്ടറിന്റെയും മൊഴി നേരത്തെ എടുത്തിരുന്നു. പരാതി കന്റോൺമെന്റ് പൊലീസ് അന്വേഷിക്കുന്നുണ്ട്. ഡോക്ടർക്ക് ഗുരുതര പിഴവ് സംഭവിച്ചെന്ന് ആരോഗ്യമന്ത്രി സമ്മതിച്ചിരുന്നെങ്കിലും നടപടിയെടുത്തിട്ടില്ല.
ഗൈഡ് വയറിന്റെ അവസ്ഥയും സ്ഥാനവും കണ്ടെത്താനാണ് ആൻജിയോഗ്രാം നടത്തിയത്. തുടർചികിത്സ തീരുമാനിക്കുന്നതിനും ഗൈഡ് വയർ മാറ്റുന്നതു തീരുമാനിക്കാനും സങ്കീർണതകൾ മനസിലാക്കാനും വേണിയാണിത്.
-ഡോ പി.കെ.ജബ്ബാർ
മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ