photo

പാലോട്: കേരള നാടക ചരിത്രത്തിലെ നവോത്ഥാനത്തിന്റെ അടയാളമായ അടുക്കളയിൽ നിന്നും അരങ്ങത്തേക്ക് എന്ന നാടകം പുനരാവിഷ്‌കരിക്കുകാണ് നന്ദിയോട് പഞ്ചായത്തിലെ വനിതാ തീയറ്റർ.അകവും പുറവും എന്ന പേരിൽ അവതരിപ്പിക്കുന്ന നാടകം കഴിഞ്ഞ ദിവസം നടന്ന പെൺനിലാവിൽ അവതരിപ്പിച്ചു. വി.ടി ഭട്ടതിരിപ്പാടിന്റെ നാടകത്തെ അവലംബിച്ചൊരുക്കുന്ന ദൃശ്യാവിഷ്‌കാരത്തിന് പഞ്ചായത്തിലെ വിവിധമേഖലകളിലെ വനിതകളാണ് ജീവൻ നൽകുന്നത്.വി.ടി.യുടെ കാലത്ത് സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിച്ചത് പുരുഷന്മാരായിരുന്നൂ എങ്കിൽ പുതിയ നാടകത്തിൽ സ്ത്രീകളാണ് പുരുഷ വേഷത്തിലെത്തുന്നത്. ആവിഷ്‌കാര സ്വാതന്ത്ര്യത്തിനെതിരെ എല്ലാ കാലത്തും എതിർപ്പുകളുണ്ടായിട്ടുണ്ടെന്നും ഇന്നും അതിന് മാറ്റമില്ലെന്നും പറയുന്നു. അങ്കണവാടി അദ്ധ്യാപിക ബി. ലത. ഗ്രാമപഞ്ചായത്ത് അംഗം ദീപമുരളി, വി.ബിന്ദു, വി.പ്രീത, എസ്.ഷീജ, എം.ഷൈജു,ദേവു. എസ്. ശ്രീദേവി തുടങ്ങിയവരാണ് കഥാപാത്രങ്ങളായെത്തുന്നത്. ശ്യാംകൃഷ്ണയാണ് നാടകത്തിന്റെ രചന നിർവഹിച്ചത്. നന്ദിയോട് പച്ച സ്വദേശി എ.കെ.സുജിത്താണ് സംവിധാനം ചെയ്തിരിക്കുന്നത്. ഗ്രാമപഞ്ചായത്തിന്റെ വനിതകളുടെ കലാ സാംസ്‌കാരിക പരിപാടിയായ പെൺനിലാവിൽ നാടകം അരങ്ങിലെത്തി.