dharmarajan

വിതുര: വിതുരയുടെ സ്വന്തം കവിയെന്ന ഖ്യാതി നേടിയ അദ്ധ്യാപകനും കവിയും സാമൂഹിക സാംസ്കാരിക പ്രവർത്തകനുമായ ചായംധർമ്മരാജന് വിടനൽകാനൊരുങ്ങി നാട്. വെള്ളിയാഴ്ച രാത്രിയിൽ കുഴഞ്ഞുവീണ ധർമ്മരാജനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 1968ൽ തൊളിക്കോട് ചായത്ത് ജനിച്ച ധർമ്മരാജൻ ആറ്റിങ്ങൽ ഗവ.കോളേജ്, ഗവ.വിമൻസ് കോളേജ്, നെടുമങ്ങാട് ഗവ.കോളേജ് എന്നിവിടങ്ങളിൽ മലയാളം വിഭാഗം തലവനായി പ്രവർത്തിച്ചിട്ടുണ്ട്. അച്ഛനോടൊപ്പം സൈക്കിൾ വർക്ക്ഷോപ്പ്,പന്തൽ പണി,മരപ്പണി,റബർടാപ്പിംഗ് അങ്ങനെ ചെയ്യാത്ത ജോലികളില്ല. ഇതിനിടെ സമീപത്തെ ലൈബ്രറിയിൽ നിന്ന് കിട്ടിയ പുസ്തകങ്ങൾ മുന്നോട്ടുള്ള യാത്രക്ക് ചവിട്ടുപടിയായി. എസ്.എസ്.എൽ.സി പാസായ ശേഷം പെരിങ്ങമ്മല ഇക്ബാൽകോളേജിൽ പി.ഡി.സിയും തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ ബി.എ മലയാളത്തിനും പിന്നീട് യൂണിവേഴ്സിറ്റിയിൽ തന്നെ എം.എ മലയാളത്തിനും ചേർന്നു. യു.ജി സെറ്റ് പാസായശേഷം കുറേക്കാലം പാരലൽ കോളേജുകളിൽ അദ്ധ്യാപകനായി പ്രവർത്തിച്ചു. മെഡിക്കൽ കോളേജിൽ ലാസ്റ്റ് ഗ്രേഡ് നൈറ്റ് വാച്ചറായി ആദ്യ ജോലി. പിന്നീട് 2002ൽ കട്ടപ്പന സർക്കാർ കോളേജിൽ അദ്ധ്യാപകനായി ആദ്യ നിയമനം. ചിറ്റൂർ,ആറ്റിങ്ങൽ,തിരുവനന്തപുരംയൂണിവേഴ്സിറ്റികോളേജ്, വിമൻസ്കോളേജ് എന്നിവിടങ്ങളിൽ സേവനമനുഷ്ടിച്ചു. 2024 ൽവിരമിച്ചു. വൈസ്‌പ്രിൻസിപ്പൽ,വകുപ്പ്മേധാവി,പ്രിൻസിപ്പൽ എന്നീനിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഇതിനിടെ വിവിധ കവിതാ സമാഹാരങ്ങളും പ്രസിദ്ധീകരിച്ചു. ഇടത് സഹയാത്രികനും പുരോഗമന കലാസാഹിത്യ സംഘം ജില്ലാ കമ്മിറ്റി അംഗവുമായിരുന്നു. 2001ൽ അതീവരാവിലെ എന്നകവിതാസമാഹാരവും 2011 ൽ സമാസമം എന്ന കവിതാസമാഹാരവും പ്രസിദ്ധീകരിച്ചു. തന്റെ മൂന്നാമത്തെ കവിതാസമാഹാരമായ പച്ചക്കാലം എന്ന പുസ്തകം പ്രസിദ്ധീകരിക്കാനുള്ള തയ്യാറെടുപ്പിനിടെയാണ് അകാലത്തിൽ മരണം കവർന്നത്. ഗീതാഞ്ജലി പ്രൈസ്,യുവധാര അവാർഡ്,അയ്യപ്പൻസ്മാരക അവാർഡ്, മുത്താന സാംബശിവൻ സ്മാരകഅവാർഡ്, ബി.ബാലചന്ദ്രൻസ്മാരക കവിതാഅവാർഡ്, വർക്കല അനിയാവ കവിതാഅവാർഡ് എന്നിവ നേടിയിട്ടുണ്ട്. ഭാരതീയകവിതയിലെ നാനാത്വവും, ഏകത്വവും എന്ന വിഷയത്തിൽ ഡോക്ടറേറ്റും ലഭിച്ചു.