തിരുവനന്തപുരം: പാലുത്പാദനത്തിനുള്ള വിവിധ പദ്ധതികൾ സർക്കാർ നടപ്പാക്കുന്നുണ്ടെന്നും ഉത്പാദനക്ഷമതയിൽ ഒന്നാമതെത്താൻ കേരളത്തിന് സാധിക്കുമെന്നും മന്ത്രി ജെ.ചിഞ്ചുറാണി.ദേശീയ ക്ഷീരവികസന ബോർഡും മിൽമയും സംയുക്തമായി സംഘടിപ്പിച്ച സംസ്ഥാനതല സെമിനാർ കേരള ബാങ്ക് ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.പാലുത്പാദനത്തിൽ രണ്ടാംസ്ഥാനത്തുള്ള കേരളത്തിന് ഒന്നാമതുള്ള പഞ്ചാബിനൊപ്പമെത്താൻ താമസമെടുക്കില്ല. സുസ്ഥിരവും എല്ലാവരെയും ഉൾപ്പെടുത്തിയുള്ള വളർച്ച കൈവരിക്കുകയുമാണ് ക്ഷീരമേഖലയുടെ ലക്ഷ്യമെന്ന്

മന്ത്രി പറഞ്ഞു.കേരളത്തിൽ മിൽമയുടെ സഹകരണ മാതൃക ലക്ഷക്കണക്കിന് കുടുംബങ്ങളുടെ ജീവിതം മാറ്റിമറിച്ചെന്ന് മന്ത്രി വി.എൻ വാസവൻ പറഞ്ഞു.സഹകരണ മേഖലയുടെ പ്രാധാന്യം ഊട്ടിയുറപ്പിക്കുന്നതിനും സഹകരണ പ്രസ്ഥാനങ്ങളുടെ സഹവർത്തിത്വം ഉറപ്പാക്കുന്നതിലും ഈ സെമിനാർ സഹായിക്കുമെന്ന് അദ്ദേഹം സന്ദേശത്തിൽ അറിയിച്ചു.പരിപാടിയിൽ ദേശീയ ക്ഷീര വികസന ബോർഡ് ചെയർമാൻ ഡോ.മീനേഷ്.സി.ഷാ അദ്ധ്യക്ഷനായി.മിൽമ ചെയർമാൻ കെ.എസ് മണി സ്വാഗതം പറഞ്ഞു. മിൽമ എം.ഡി ആസിഫ്.കെ.യൂസഫ്,ശാലിനി ഗോപിനാഥ്,മണി വിശ്വനാഥ്,സി.എൻ.വത്സലൻ പിള്ള,എസ്.രാജീവ്,ജോർട്ടി.എം.ചാക്കോ,​വി.ശ്രീധർ,​കെ.ആർ മോഹനൻ പിള്ള,ബീന പി.വി,ജോൺസൺ കെ.കെ,താര ഉണ്ണിക്കൃഷ്ണൻ,ശ്രീനിവാസൻ പി,നാരായണൻ പി.പി,കോരൻ.കെ,​റോമി ജേക്കബ് തുടങ്ങിയവർ പങ്കെടുത്തു.