bus

ആറ്റിങ്ങൽ: ദേശീയ പാതയിൽ ആറ്റിങ്ങൽ മുനിസിപ്പൽ ബസ് സ്റ്റാൻഡിന് മുന്നിൽ സ്വകാര്യ ബസും ടോറസും കൂട്ടിയിടിച്ച് 15 ബസ് യാത്രക്കാർക്ക് പരിക്ക്. ഇന്നലെ ഉച്ചയ്ക്ക് 2.30ഓടെയായിരുന്നു അപകടം. ആലംകോട് ഭാഗത്തു നിന്ന് വന്ന ആർ.കെ.വി എന്ന സ്വകാര്യ ബസ് സ്റ്റാൻഡിലേക്ക് തിരിയുന്നതിനിടെ എതിർ ദിശയിൽ നിന്ന് മണ്ണുമായി വന്ന ടോറസ് ലോറി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബസ് എതിർ ദിശയിൽ തിരിഞ്ഞുനിന്നു.

ബസ് ഡ്രൈവറടക്കം ഗുരുതരമായി പരിക്കേറ്റവരെ പൊലീസും നാട്ടുകാരും ചേർന്ന് വലിയകുന്ന് താലൂക്ക് ആശുപത്രിയിലെത്തിച്ചു. ബസ് ഡ്രൈവർ സജീർ (42, നഗരൂർ) കണ്ടക്ടർ ബിജു (52,ചെമ്പൂർ), സിന്ധു (48, വഞ്ചിയൂർ ), പുരവൂർ സ്വദേശികളായ രാധ (70), സന്ധ്യ (43) ഇന്ദിര (65,ആറ്റിങ്ങൽ), ബിനു, ഭാര്യ പ്രസീത, മക്കളായ അക്ഷിത, ആതിര എന്നിവരാണ് ആറ്റിങ്ങൽ വലിയകുന്ന് താലൂക്കാശുപത്രിയിൽ ചികിത്സയിലുള്ളത്. ഇവരിൽ രാധയുടെ തലയ്ക്കാണ് പരിക്ക്. നിസ്സാരപരിക്കേറ്റവരെ പ്രാഥമിക ചികിത്സ നൽകിവിട്ടു. അപകടത്തെ തുടർന്ന് ദേശീയപാതയിൽ രണ്ട് മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു.