
വർക്കല: റോഡിൽ കെട്ടിയിരുന്ന കയറിൽ തട്ടി നിയന്ത്രണം തെറ്റിവീണ് ബൈക്ക് യാത്രക്കാരൻ മരിച്ച സംഭവത്തിൽ പ്രതിഷേധം. ബി.ജെ.പി, ശിവസേന പ്രവർത്തകരും സുരേഷ് ഉത്തമന്റെ സുഹൃത്തുക്കളും വർക്കല ടൗണിൽ റോഡ് ഉപരോധിച്ചു. അപകടത്തിൽ മരിച്ച ശിവസേനാ നേതാവ് സുരേഷ് ഉത്തമന്റെ മൃതദേഹവുമായാണ് 10 മിനിട്ടോളം റോഡ് ഉപരോധിച്ചത്. പൊതുമരാമത്ത് വകുപ്പ് അധികൃതരുടെയും കരാറുകാരുടെയും അനാസ്ഥയിൽ അപകടത്തിൽ നിസാര വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസെടുത്തതെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. സ്‌കൂൾ, സർവീസ് ബസുകൾ അടക്കമുള്ള വാഹനങ്ങൾ റോഡിൽ കുടുങ്ങി.
വർക്കല എസ്.എച്ച്.ഒ വി.വി.ദിപിന്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി നേതാക്കളോടും പ്രവർത്തകരോടും നടത്തിയ ചർച്ചയെത്തുടർന്ന് അല്‍പസമയത്തിനകം ഉപരോധം അവസാനിപ്പിച്ചു.
വർക്കല മുണ്ടയിൽ ക്ഷേത്രം റോഡിലുണ്ടായ അപകടത്തിലാണ് വർക്കല ശിവഗിരി ചെറുകുന്നം ഗോകുലത്തിൽ സുരേഷ് ഉത്തമൻ (55) മരിച്ചത്. വ്യാഴാഴ്ച ഉച്ചയ്ക്ക് 11.40നായിരുന്നു അപകടം. വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.40ഓടെയാണ് മരിച്ചത്. മുണ്ടയിൽ ക്ഷേത്രം റോഡിലെ ഓടയ്ക്ക് മുകളിലായി പുതുതായി കോൺക്രീറ്റ് സ്ലാബുകൾ സ്ഥാപിച്ച ജോലികൾ നടക്കുന്നതിനാൽ വലിയ വാഹനങ്ങൾ കയറാതിരിക്കാനായി റിബണും കയറും കെട്ടിയിരുന്നു. സുരേഷ് ഉത്തമൻ സഞ്ചരിച്ച ബൈക്ക് ഇതിൽ തട്ടി നിയന്ത്രണം തെറ്റിയാണ് അപകടമുണ്ടായത്. മൃതദേഹം ശനിയാഴ്ച വൈകിട്ട് വീട്ടുവളപ്പിൽ സംസ്‌കരിച്ചു.