സ്വർണക്കടത്ത് സംഘങ്ങളെ കേന്ദ്രീകരിച്ച് അന്വേഷണം
ശംഖുംമുഖം: വിദേശത്തുനിന്ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ മകനെ കാണാനില്ലെന്ന് പിതാവിന്റെ പരാതി.
തമിഴ്നാട് തിരുനെൽവേലി മേലെപാളയം സ്വദേശി ഷാഹുൽ ഹമീദാണ് മകൻ നവാബ് ഹസൈനെ(39) കാണാനില്ലെന്ന് കാണിച്ചാണ് വലിയതുറ പൊലീസിൽ പരാതി നൽകിയത്. കഴിഞ്ഞ മാസം 30നാണ് അബുദാബിയിൽ നിന്ന് നവാബ് ഹസൈൻ എത്തിയത്. അന്വേഷണത്തിനായി മൊഴിയെടുത്തപ്പോഴാണ് ഇയാൾ മുമ്പും പലതവണ വീട്ടുകാരറിയാതെ തിരുവനന്തപുരത്ത് വന്നുപോയിട്ടുണ്ടെന്ന് വിവരം ലഭിച്ചത്. ഇത്തവണയും ഇയാൾ നാട്ടിലേക്ക് വരുന്ന വിവരം ബന്ധുക്കളെ അറിയിച്ചിരുന്നില്ലെന്നും ഇയാളെ പലതവണ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും ലഭിക്കാതെ വന്നതോടെ വിദേശത്തുള്ള ഇയാളുടെ സുഹൃത്തുക്കളുമായി ഫോണിൽ ബന്ധപ്പെട്ടപ്പോഴാണ് ഇയാൾ നാട്ടിൽ പോയിരിക്കുകയാണെന്ന വിവരം അറിഞ്ഞത്. എന്നാൽ നാട്ടിലെത്തിയ മകൻ ദിവസങ്ങൾ കഴിഞ്ഞിട്ടും വീട്ടിൽ എത്താത്തതിനെ തുടർന്നാണ് പൊലീസിൽ പരാതി നൽകിയത്.ഇതോടെ ഇയാളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ വലിയതുറ പൊലീസ് തമിഴ്നാട്ടിലേക്ക് പോയി. നവാബ് ഹസൈനെ കാണാതായതിന് പിന്നിൽ സ്വർണക്കടത്തുമായി ബന്ധപ്പെട്ട് വിമാനത്താവളത്തിൽ നിന്ന് യാത്രക്കാരെ തട്ടികൊണ്ടുപോകുന്ന സംഘങ്ങളെ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം ശക്തമാക്കി.
പിന്നിൽ സ്വർണക്കടത്തു സംഘമോ
ദിവസങ്ങൾക്ക് മുമ്പ് വിദേശത്തുനിന്നെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം അടങ്ങിയ ബാഗ് വിമാനത്താവളത്തിന് പുറത്തെ പാർക്കിംഗ് ഏരിയയിൽ വച്ച് നാലംഗസംഘം തട്ടിപ്പറിച്ചിരുന്നു. പിന്നീട് പൊലീസ് നടത്തിയ തിരച്ചിലിലാണ് സംഘത്തെ പിടികൂടിയത്. വിമാനത്താവളത്തിൽ നിന്ന് ഓട്ടോയിൽ നഗരത്തിലെക്ക് യാത്രചെയ്യുകയായിരുന്ന തമിഴ്നാട് മേലേപാളയം സ്വദേശിയെ തകരപ്പറമ്പിൽ വച്ച് ഓട്ടോയിൽ നിന്ന് തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് ഇയാളിൽ നിന്ന് സ്വർണം തട്ടിയെടുക്കാൻ ശ്രമിച്ചിരുന്നു. കൊല്ലം സ്വദേശിയെ ആനയറ ഭാഗത്തെ പെട്രോൾ പമ്പിൽ വച്ച് കാറിലെത്തിയ സംഘം 13 പവനോളം തൂക്കം വരുന്ന മാല തട്ടിയെടുത്ത് കടന്നുകളഞ്ഞിരുന്നു.