1

വിഴിഞ്ഞം: അന്താരാഷ്ട്ര തുറമുഖത്ത് രണ്ടാം ഘട്ട നിർമ്മാണത്തിനാവശ്യമായ സാങ്കേതിക ഉപകരണങ്ങളും ബാർജുകളും വിഴിഞ്ഞത്തെത്തിച്ചു. ഈ മാസാവസാനം തന്നെ രണ്ടാംഘട്ട നിർമാണം തുടങ്ങുമെന്നാണ് സൂചന. മുംബയ് ബേലാപൂരിൽ നിന്നുള്ള നൗട്ടൈ -2, മെർജാൻ എന്നീ രണ്ടു ടഗുകളാണ് ഇന്നലെ വൈകിട്ട് മാരിടൈം ബോർഡിന്റെ വിഴിഞ്ഞത്തെ പുതിയ വാർഫിലെത്തിച്ചത്. ഇവിടെനിന്ന് ടഗുകൾ ഇന്ന് അന്താരാഷ്ട്ര തുറമുഖത്തേക്ക് കൊണ്ടുപോകും. കൂടുതൽ യന്ത്രങ്ങളും ടഗ്ഗുകളും എത്തുന്നതോടെ ഇവയെ ബന്ധിപ്പിച്ച് നിറുത്താനായി തുറമുഖ നിർമാണ സ്ഥലത്തെ പുലിമുട്ടിനോടു ചേർന്ന് പുതിയ വാർഫ് നിർമാണത്തിലാണ്. വിഴിഞ്ഞത്തെ മാരിടൈം ബോർഡിന്റെ പുതിയ വാർഫിൽ അടുപ്പിച്ചിരിക്കുന്ന വലിപ്പമേറിയ ബാർജ്-സാൻവി-9 ന്റെ അറ്റകുറ്റപ്പണികൾ പൂർത്തിയായി. ഇതും നിർമാണ സ്ഥലത്തേക്കു കൊണ്ടുപോകും. ഇലക്ഷൻ തീയതി പ്രഖ്യാപനത്തിന് മുമ്പ് അടുത്ത ഘട്ടങ്ങളിലെ നിർമ്മാണോദ്ഘാടനം നടക്കുമെന്നാണ് വിവരം.