fir-

തിരുവനന്തപുരം: ഐരാണിമുട്ടത്തും പരിസര പ്രദേശങ്ങളിലുമെത്തുന്ന സ്ത്രീകൾക്ക്,സുഖമായും സുരക്ഷിതമായും വിശ്രമിക്കാനുള്ള കേന്ദ്രത്തിന്റെ നിർമ്മാണം പൂർത്തിയായി. നഗരസഭ പണി കഴിപ്പിച്ച ബഹുനില ഫെസിലിറ്റേഷൻ സെന്റർ ഉടൻ പ്രവർത്തനം ആരംഭിക്കും. പൊങ്കാലയ്ക്കും മറ്റുമായി ആറ്റുകാൽ ക്ഷേത്രത്തിലെത്തുന്ന സ്ത്രീകൾക്കും ഈ വിശ്രമകേന്ദ്രം ഉപയോഗിക്കാം. ഐരാണിമുട്ടത്ത് ആശുപത്രി കോമ്പൗണ്ടിൽ ആരോഗ്യവകുപ്പിന്റെ കൈയിൽ നിന്ന് നഗരസഭ വാങ്ങിയ 10 സെന്റ് സ്ഥലത്താണ്, 60 ലക്ഷം രൂപ ചെലവിൽ വിശ്രമകേന്ദ്രം പണികഴിപ്പിച്ചത്.

മൂന്ന് നിലകളിലായി 2680 ചതുരശ്രയടി വിസ്തീർണത്തിലുള്ള കെട്ടിടത്തിൽ വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നതെന്ന് വാർഡ് കൗൺസിലർ ആർ.ഉണ്ണികൃഷ്ണൻ കേരളകൗമുദിയോട് പറഞ്ഞു. സ്ത്രീകൾക്ക് ഒത്തുചേരാനും,പുസ്തകങ്ങളും മാസികകളും വായിക്കാനും, കലാ-സാംസ്കാരിക പരിപാടികൾ സംഘടിപ്പിക്കാനുമുള്ള സൗകര്യം ഇവിടെയുണ്ടാകും.

ആധുനിക സൗകര്യങ്ങൾ

ഒന്നാം നിലയിൽ പൊതുവിശ്രമകേന്ദ്രവും ടോയ്‌ലെറ്റും, രണ്ടാം നിലയിൽ താമസിക്കാവുന്ന രണ്ട് മുറികളും അടുക്കളയും, മൂന്നാം നിലയിൽ ഒരു ശീതീകരിച്ച മിനി ഹാളും സജ്ജീകരിച്ചിട്ടുണ്ട്.

ഒരുപാട് പ്രതിസന്ധികൾ മറി കടന്നാണ് ഐരാണിമുട്ടത്ത് എല്ലാ സൗകര്യങ്ങളോടും കൂടിയ വനിതാകേന്ദ്രം യാഥാർത്ഥ്യമാക്കാൻ സാധിച്ചതെന്ന് ഉണ്ണികൃഷ്ണൻ പറയുന്നു. ഇതിനോട് ചേർന്ന് ഷീ ജിമ്മും നിർമ്മിച്ചിട്ടുണ്ട്.