
ഒരിക്കലും അവസാനിക്കാത്ത കഥകളുടെ ചെപ്പായിരുന്നു പപ്പ. കണിശക്കാരനായ അച്ഛനല്ല, മനസുതുറന്ന് മണിക്കൂറുകളോളം സംസാരിക്കാനാവുന്ന ആത്മസുഹൃത്ത്! ഇതെഴുതുമ്പോൾ പുറത്തിതാ മഴയ്ക്കൊപ്പം 'തൂവാനത്തുമ്പികളി"ലെന്ന പോലെ മനസിൽ കഥകളും കഥാപാത്രങ്ങളും പെയ്തിറങ്ങുന്നു. നല്ലൊരു മനുഷ്യനാകാൻ പഠിപ്പിച്ച പപ്പയുടെ ഓർമ്മകൾക്ക് മഴവില്ലഴകാണ്...
കൊല്ലം രണ്ടാംകുറ്റിയാണ് പപ്പയുടെ സ്വദേശം. സി.പി.ഐ നേതാവ് എസ്. പൊലിക്കാർപ്പായിരുന്നു പപ്പയുടെ അച്ഛൻ. ഗൗരിഅമ്മയും എം.എൻ.ഗോവിന്ദൻ നായരുമടക്കമുള്ള നേതാക്കൾ ഒളിവിലിരുന്നതിനാൽ 'ത്യാഗഭവൻ" എന്നായിരുന്നു ഞങ്ങളുടെ വീട്ടുപേര്. പാർട്ടി വിഭജിക്കപ്പെട്ടപ്പോൾ അപ്പൂപ്പൻ ബിസിനസിലേക്കിറങ്ങി. എന്നാൽ, പപ്പയുടെ തട്ടകം സാഹിത്യവും സിനിമയുമൊക്കെയായിരുന്നു. പ്രിന്റിംഗ് പഠിക്കാനുള്ള മോഹം കൊണ്ടെത്തിച്ചത് സിനിമാനഗരമായ മദ്രാസിൽ. വൈക്കം മുഹമ്മദ് ബഷീർ, തോപ്പിൽ ഭാസി, എം.ടി.വാസുദേവൻ നായർ, പ്രേംനസീർ, ജയൻ, സുകുമാരൻ, ജഗതി ശ്രീകുമാർ ഉൾപ്പെടെയുള്ളവരുമായി വലിയ ആത്മബന്ധം സൂക്ഷിച്ചു.
വടിവൊത്ത കൈയക്ഷരവും ആത്മവിശ്വാസവും കൈമുതലാക്കിയ പപ്പ, പ്രശസ്ത സംവിധായകൻ എ. വിൻസന്റിന്റെ പ്രിയങ്കരനാകാനും അധികം സമയമെടുത്തില്ല. അവർ കണ്ടുമുട്ടിയതാകട്ടെ ഒരു വഴക്കിലൂടെയും. പപ്പ മദ്രാസിലെത്തി ആദ്യകാലത്ത് താമസിച്ചത് അപ്പൂപ്പന്റെ സുഹൃത്തു കൂടിയായ ദേവരാജൻ മാസ്റ്റർക്കൊപ്പമാണ്. മദ്രാസിലെ സിനിമാ വിശേഷങ്ങൾ നിരൂപണമായി പപ്പ പ്രസിദ്ധീകരണങ്ങൾക്ക് എഴുതിയയയ്ക്കും. അങ്ങനെയിരിക്കെ 'ഭാർഗവീനിലയ"ത്തിൽ സംഭാഷണങ്ങൾ അവതരിപ്പിക്കുന്ന രീതിയെ വിമർശിച്ച് പപ്പ എഴുതുകയുണ്ടായി.
ദേവരാജൻ മാസ്റ്റർ ഇത് ചിത്രത്തിന്റെ സംവിധായകൻ വിൻസന്റിനെ കാണിച്ചു. ഇത് അദ്ദേഹത്തെ ചൊടിപ്പിച്ചു. 'എങ്കിൽ ഡയലോഗ് നിങ്ങൾ പറഞ്ഞുകേൾപ്പിക്ക്" എന്നായി വിൻസന്റ് മാഷ്. പപ്പ അത് ഗംഭീരമായി പറഞ്ഞു. പപ്പയുടെ കഴിവ് തിരിച്ചറിഞ്ഞ മാഷ്, അടുത്ത ചിത്രത്തിന്റെ തിരക്കഥ വായിക്കാൻ കൊടുത്തു. അന്നു തുടങ്ങിയ സൗഹൃദം പതിനഞ്ചുവർഷത്തോളം നീണ്ടുനിന്നു. മാഷിന്റെ അസിസ്റ്റന്റും അസോസിയേറ്റുമായും മാത്രമല്ല, കുടുംബത്തിലൊരാളായി മാറാനും പപ്പയ്ക്കായി. 1992ൽ സി.ഇ.ടിയിൽ പഠിക്കാൻ ഞാൻ തിരുവനന്തപുരത്തെത്തി. ഇവിടെ ഒറ്റയ്ക്കു നിൽക്കാനുള്ള ബുദ്ധിമുട്ടുകൾ പറഞ്ഞതോടെ പപ്പയും അമ്മച്ചി സാലമ്മയുമൊക്കെ കൊല്ലത്തു നിന്ന് ഇങ്ങോട്ടേക്കെത്തി.
മഴ നനഞ്ഞു വന്ന ക്ളാര...
'രണ്ടു പെൺകുട്ടികൾ" എന്ന സ്വവർഗാനുരാഗ കഥ സംവിധാനം ചെയ്യാൻ ഒരുങ്ങിയിരുന്നപ്പോഴായിരുന്നു പപ്പയ്ക്ക് അറ്റാക്ക് വന്നത്. പിന്നീട് സംവിധായകൻ മോഹൻ അത് സംവിധാനം ചെയ്യുകയായിരുന്നു. അതിനുശേഷം കുറച്ചുനാൾ വിശ്രമജീവിതം നയിച്ചു. 'ശ്രീകൃഷ്ണപ്പരുന്തി"ന്റെ ഷൂട്ടിംഗ് ചിത്രാഞ്ജലിയിൽ നടക്കുമ്പോൾ പപ്പ വിൻസന്റ് മാഷിനെ കാണാൻ ചെന്നു. മാഷ് ഉറങ്ങുകയാണെന്ന് പുറത്തുനിന്ന മോഹൻലാൽ പറഞ്ഞു. പക്ഷെ പപ്പയ്ക്ക് അകത്തുപോകാനുള്ള സ്വാതന്ത്ര്യമുണ്ടായിരുന്നു. അന്നാണ് മോഹൻലാലുമായി കണ്ടുമുട്ടുന്നത്. വിൻസന്റ് മാഷും മോഹൻലാലും പപ്പയുമായി ചേർന്ന് സിനിമ ചെയ്യണമെന്ന് തീരുമാനിക്കുന്നത് അന്നാണ്. പക്ഷെ അത് നടന്നില്ല.
വിൻസന്റ് മാഷിന്റെ മകന്റെ വിവാഹം കൊച്ചിയിൽ നടക്കുമ്പോൾ പപ്പയും പദ്മരാജനും ഒരു റൂമിലായിരുന്നു. തനിക്കിനി സിനിമ ചെയ്യാനുള്ള ഊർജ്ജമില്ലെന്നും, പകരം പദ്മരാജനും സ്റ്റാൻലിയും ചേർന്ന് ചെയ്യാനും വിൻസന്റ് മാഷ് പറഞ്ഞു. അങ്ങനെയാണ് 'തൂവാനത്തുമ്പികൾ" പിറക്കുന്നത്. പദ്മരാജന്റെ 'ഉദകപ്പോള' എന്ന നോവലിലെ ഒരദ്ധ്യായമാണ് സിനിമയായത്. അതിനും മുൻപ് കൊല്ലം രാമവർമ്മ ക്ലബിൽ വച്ച് പദ്മരാജനുമായി പരിചയമുണ്ടായിരുന്നു. പ്രീഡിഗ്രിക്ക് പഠിച്ചിരുന്ന എന്റെ മൂത്ത സഹോദരൻ ബെൻസൺ പി.സ്റ്റാൻലിയും 'തൂവാനത്തുമ്പികളിൽ" അഭിനയിച്ചു. സിനിമയിൽ കാണിക്കുന്ന ചേതക് സ്കൂട്ടറും സഹോദരന്റേതാണ്.
ജയറാമിനെവച്ചൊരു ചിത്രം ചെയ്യണമെന്ന് കരുതിയിരുന്നപ്പോഴാണ് പദ്മരാജന്റെ മരണം. കേരളകൗമുദി മാനേജിംഗ് എഡിറ്റർ ദിവ്യ സുഗതന്റെ അച്ഛനും, കൊല്ലം 'സായാഹ്നശബ്ദം" ഉടമയും പത്രാധിപരുമായിരുന്ന സുഗതൻ അങ്കിളും പപ്പയും അടുത്ത സുഹൃത്തുക്കളായിരുന്നു. ഗൗരീശപട്ടം ശങ്കരൻ നായരുടെ കഥയിൽ 'പ്രിയപ്പെട്ട ജോർജ് തോമസ്" എന്ന ചിത്രം സാംസൺ ഫിലിംസിന്റെ ബാനറിൽ പപ്പയും അങ്കിളും ചേർന്ന് എടുക്കാനിരിക്കുകയായിരുന്നു. എന്നാൽ സിനിമ നടന്നില്ല. ശരിക്കും 'തൂവാനത്തുമ്പികൾ"ക്ക് കാരണമായത് ആ ചിത്രമാണെന്നു പറയാം. 90-കൾക്കു ശേഷം സിനിമയുടെ രീതികൾ മാറിയതോടെ പപ്പ വിശ്രമജീവിതത്തിൽ മുഴുകി.
ആയുസിന്റെ അടിക്കുറിപ്പ്
കഥ പറയാൻ പപ്പയ്ക്ക് വലിയ കഴിവായിരുന്നു.പപ്പയോട് സംസാരിക്കാൻ ദൂരെ നിന്നുവരെ ആളുകളെത്തും.സിനിമയുടെ മാസ്മരികലോകം പപ്പയെ ഭ്രമിപ്പിച്ചില്ല. ജയപരാജയങ്ങളെ സമചിത്തതയോടെ നേരിട്ടു. ഒന്നും അരുതെന്ന് പപ്പ എന്നോടോ സഹോദരനോടോ സഹോദരി ഷൈനിയോടോ പറഞ്ഞിട്ടില്ല. ഞങ്ങളുടെ മക്കൾക്കു മുന്നിൽ അതുപോലൊരു പപ്പയാകാൻ സാധിക്കുന്നില്ലല്ലോ എന്ന ദുഃഖമുണ്ട്. പപ്പ പകർന്ന മൂല്യങ്ങളാണ് ഏറ്റവും വലിയ സമ്പാദ്യം.
2010-നു ശേഷം പപ്പ എഴുത്തിൽ സജീവമായി. പപ്പയുടെ പന്ത്രണ്ടാമത് പുസ്തകം അടുത്തമാസം പ്രസിദ്ധീകരിക്കാനിരിക്കുകയായിരുന്നു. 'ആയുസിന്റെ അടിക്കുറുപ്പ്" എന്നാണ് പപ്പ പേരിട്ടത്. എന്തുകൊണ്ടാണ് അങ്ങനെയൊരു പേരെന്ന് തിരക്കിയപ്പോൾ, ഇനിയൊരു പുസ്തകമെഴുതാൻ എനിക്കു സാധിക്കില്ലെന്ന് പപ്പ പറഞ്ഞു. ഒരാഴ്ചയ്ക്കുള്ളിൽ പപ്പ പോയി. ഇന്ദുഗോപനായിരുന്നു അവതാരിക എഴുതാനിരുന്നത്. 'അറിയില്ലെങ്കിൽ വായിച്ചറിയണം, വായിച്ചില്ലെങ്കിൽ വായിച്ചവരോട് ചോദിച്ചറിയണമെന്ന്"പപ്പ എപ്പോഴും പറയുമായിരുന്നു. പപ്പയുടെ ജീവിതം തന്നെ മഹത്തായൊരു വായനയാണല്ലോ.