തിരുവനന്തപുരം: നഗരത്തിലേക്ക് കുടിവെള്ളം വിതരണം ചെയ്യുന്ന അരുവിക്കര അണക്കെട്ടിന്റെ റിസർവോയറിലെ ചെളിയും മണ്ണും നീക്കി ആഴം കൂട്ടുന്ന നടപടികളുടെ കാലാവധി 2026 വരെ ദീർഘിപ്പിച്ചു. തലസ്ഥാന നഗരത്തിലേക്കുള്ള ജലവിതരണത്തെ ബാധിക്കാതെ പ്രവൃത്തികൾ നടത്തേണ്ടതിനാലാണ് കാലാവധി ദീർഘിപ്പിക്കാൻ തീരുമാനിച്ചത്. അടുത്ത വർഷം അവസാനത്തോടെ പണി പൂർത്തിയാക്കും. ഒരു വർഷത്തിനകം പണിപൂർത്തിയാക്കാനാണ് നേരത്തെ ലക്ഷ്യമിട്ടിരുന്നത്. 2024 നവംബറിലാണ് മാലിന്യനീക്കം ആരംഭിച്ചത്. 13.88 കോടി രൂപ പദ്ധതിയിലൂടെ അണക്കെട്ടിൽ അടിഞ്ഞുകൂടിയ 10,24,586 ക്യുബിക് മീറ്റർ മണൽ, കളിമണ്ണ്, ചെളി എന്നിവ നീക്കം ചെയ്യാനാണ് ലക്ഷ്യമിടുന്നത്.

ജലക്ഷാമത്തിന് പരിഹാരമാകും

രണ്ട് ദശലക്ഷം ക്യുബിക് മീറ്റർ ജലമാണ് അരുവിക്കരയിലെ സംഭരണശേഷി.എന്നാൽ മണ്ണും ചെളിയും അടിഞ്ഞതിനാൽ ഒരു ദശലക്ഷം ക്യുബിക് മീറ്റർ ജലമേ നിലവിൽ ശേഖരിക്കാനാവുന്നുള്ളൂ. ഡാമിന്റെ സംഭരണശേഷിയുടെ 43 ശതമാനം മാത്രമാണിത്. നഗരത്തിന്റെ ദാഹമകറ്റാൻ പ്രതിദിനം 400 ദശലക്ഷം ലിറ്റർ ജലം ആവശ്യമാണ്. എന്നാൽ 320 എം.എൽ.ഡി വെള്ളം മാത്രമേ അരുവിക്കരയിൽ ഉത്പാദിപ്പിക്കാനാവു. അതിനാൽ കഴക്കൂട്ടം,ടെക്‌നോപാർക്ക്,പൗഡിക്കോണം,വിഴിഞ്ഞം,വെങ്ങാനൂർ മേഖലകളിൽ കടുത്ത ജലക്ഷാമം അനുഭവപ്പെടുന്നുണ്ട്. ആഴം കൂട്ടൽ പൂർത്തിയാകുന്നതോടെ ആറ് മാസത്തേക്കുള്ള ജലം അധികമായി റിസർവോയറിൽ സംഭരിക്കാനാവും. ഇതോടെ നഗരത്തിലെ കുടിവെള്ള ക്ഷാമത്തിന് പരിഹാരമാകും.


ഗുജറാത്ത് കേന്ദ്രമായി പ്രവർത്തിക്കുന്ന ഡിവൈൻ ഷിപ്പിംഗ് സർവീസസ് എന്ന കമ്പനിയാണ് ആഴംകൂട്ടലിന് കരാറെടുത്തിരിക്കുന്നത്. 12.7 കോടിയാണ് പദ്ധതിച്ചെലവ്. ആദ്യഘട്ടത്തിൽ പദ്ധതിച്ചുമതലയുള്ള കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് കോർപ്പറേഷന് (കിഡ്ക്) ഒരുകോടി രൂപ നൽകിയിരുന്നു.

1928-1933 കാലഘട്ടത്തിലാണ് കരമന നദിയിൽ അണക്കെട്ട് നിർമ്മിച്ചത്