വെഞ്ഞാറമൂട്: ആട്ടിൻ തോലണിഞ്ഞ ചെന്നായയാണ് മുസ്ലിം ലീഗെന്നും അവർ മുസ്ലിം രാഷ്ട്രം സ്വപ്നം കണ്ടു കഴിയുന്നവരാണെന്നും എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. കാരേറ്റ് ആർ.കെ.വി ഓഡിറ്റോറിയത്തിൽ കല്ലറ,വാമനപുരം,കിളിമാനൂർ യൂണിയനുകളിലെ ശാഖാ നേതൃസംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ന്യൂനപക്ഷ ക്ഷേമത്തിനായി എസ്.എൻ.ഡി.പിക്കൊപ്പം നിന്ന് സമരം ചെയ്‌ത് അധികാരത്തിലെത്തിയപ്പോൾ സ്ഥാനമാനങ്ങൾ എല്ലാം കരസ്ഥമാക്കിയെന്നും അവകാശങ്ങൾ ചോദിച്ചപ്പോൾ തന്നെ വർഗീയവാദിയായി ലീഗ് ചിത്രീകരിക്കുകയാണന്നും മലപ്പുറം പ്രസ്താവനയിൽ ഉറച്ചുനിൽക്കുന്നതായും വെള്ളാപ്പള്ളി പറഞ്ഞു. ലീഗിന്റെ ഊന്നുവടി പിടിച്ചു മാത്രമേ കോൺഗ്രസിന് അധികാരത്തിലെത്താൻ കഴിയൂ, മുസ്ലിം ലീഗിന്റെ മുഖ്യശത്രു എൻ.എസ്.എസ് ആണെന്നും ലീഗിന്റെ ആദിപത്യം സർവനാശമാണെന്നും അദ്ദേഹം പറഞ്ഞു.
ജനാധിപത്യത്തെ മതാധിപത്യം കീഴടിക്കിയിരിക്കുകയാണ്, മറ്റെല്ലാ സമുദായത്തിനും ജാതി പറയാം എന്നാൽ ഈഴവർക്ക് ജാതി പറഞ്ഞുകൂടാത്ത അവസ്ഥയാണുള്ളതെന്നും ഗുരുദേവന്റെ ദർശനങ്ങളിൽ അല്പം മാത്രം അടർത്തി വളച്ചൊടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയിലെ കള്ളത്തരങ്ങൾ കണ്ടുപിടിച്ച ദേവസ്വം മന്ത്രിയെ അഭിനനന്ദിക്കുന്നതിന് പകരം രാജി ആവശ്യപ്പെടുകയാണ്. ആർ.ശങ്കർ മുതൽ പിണറായി വിജയൻ വരെ അധികാരത്തിലിരിക്കുന്ന ഈഴവ നേതാക്കളെ തട്ടി താഴെയിടുന്ന രാഷ്ട്രീയ പാരമ്പര്യമാണ് ഇവിടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി സംഘടനാ വിശദീകരണം നൽകി. യോഗം ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് സംഘടനാസന്ദേശം നൽകി. യോഗം കൗൺസിലറും കല്ലറ യൂണിയൻ കൺവീനറുമായ ഡി.വിപിൻരാജ് സ്വാഗതം പറഞ്ഞു. കിളിമാനൂർ യൂണിയൻ കൺവീനർ അഡ്വ.വേണു കാരണവർ യൂണിയൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. വാമനപുരം യൂണിയൻ കൺവീനൽ റജികുമാർ നന്ദി പറഞ്ഞു. യോഗം കൗൺസിലറും കല്ലറ യൂണിയൻ ചെയർമാനും നേതൃസംഗമ പ്രോഗ്രാം കോ ഓർഡിനേറ്ററുമായ പച്ചയിൽ സന്ദീപ്,വാമനപുരം യൂണിയൻ ചെയർമാൻ സിതാര രാജേന്ദ്രൻ എന്നിവർ ആശംസ അറിയിച്ചു.
അനീഷ് തട്ടത്തുമല,അജി കെ.രാജൻ,കൺമണി വിഷ്ണു,സുനിൽ ബിൻസി,രാജീവ് കെ.ജി.എസ്,രാജേന്ദ്രൻ മൈലക്കുഴി,ചന്തു വെള്ളുമണ്ണടി,ബിനു ചെമ്പകശേരി,സുനിൽ കൈരളി,അനിൽ കിളിമാനൂർ എന്നിവർ പങ്കെടുത്തു.