തിരുവനന്തപുരം: തലസ്ഥാനത്തെ സെൻസർ ബോർഡ് റീജണൽ ഓഫീസ് കൊച്ചിയിലേക്കു കൊണ്ടു പോകാൻ നീക്കം. കൊച്ചി കേന്ദ്രീകരിച്ചാണ് മലയാള സിനിമാ മേഖല പ്രവർത്തിക്കുന്നതെന്നും അതുകൊണ്ടു തന്നെ സെൻസറിംഗ് ഓഫീസും കൊച്ചിയിൽ വേണമെന്ന് നേരത്തെ ചില സിനിമാ സംഘടനകളിൽ നിന്ന് ആവശ്യം ഉയർന്നിരുന്നു.
ഷൂട്ടിംഗ് അനന്തര ജോലികൾ ഉൾപ്പെടെ കൊച്ചിയിൽ നടക്കുന്നതിനാൽ തിരുവനന്തപുരത്ത് വന്നു മടങ്ങുന്നത് സിനിമാ പ്രവർത്തകർക്ക് സമയ നഷ്ടം ഉണ്ടാക്കുന്നുവെന്നാണ് അവരുടെ പരാതി.
ചില സെൻസർ ബോർഡ് അംഗങ്ങളും ഈ ആവശ്യത്തെ അംഗീകരിച്ചതോടെയാണ് നീക്കം സജീവമായത്.
എന്നാൽ ഇക്കാര്യത്തിൽ സിനിമാ പ്രവർത്തകർക്കിടയിൽ എതിരഭിപ്രായവും ഉണ്ട്. സിനിമയുമായി ബന്ധപ്പെട്ട സർക്കാർ സ്ഥാപനങ്ങളെല്ലാം പ്രവർത്തിക്കുന്നത് തലസ്ഥാനമായ തിരുവനന്തപുരത്താണ്. സിനിമാ പ്രവർത്തനങ്ങൾക്കുള്ള സർക്കാർ സ്ഥാപനമായ ചിത്രാഞ്ജലി സ്റ്റുഡിയോ വളപ്പിലാണ് സെൻസർ ബോർഡ് ഓഫീസും പ്രവർത്തിക്കുന്നത്. മാത്രമല്ല, മറ്റ് സംസ്ഥാനങ്ങളിൽ റീജണൽ സെൻസർ ബോർഡ് ഓഫീസുകൾ പ്രവർത്തിക്കുന്നത് തലസ്ഥാന നഗരങ്ങളിലാണ്.
അന്താരാഷ്ട്ര ചലച്ചിത്രോത്സവം നടക്കുന്നതും ചലച്ചിത്ര അക്കാഡമിയുടെ ഓഫീസ് പ്രവർത്തിക്കുന്നതുമെല്ലാം ഭരണസിരാകേന്ദ്രമായ തിരുവനന്തപുരത്താണ്.
കേന്ദ്ര സർക്കാരിന്റെ വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള ഫിലിംസർട്ടിഫിക്കേഷൻ സ്ഥാപനമാണ് സെൻട്രൽ ബോർഡ് ഒഫ് ഫിലിം സർട്ടിഫിക്കേഷൻ. അതുകൊണ്ടു തന്നെ ഓഫീസ് മാറ്റം സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കേണ്ടത് കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയമാണ്.