കഴക്കൂട്ടം: മംഗലപുരത്ത് ഇന്നലെ ഉച്ചയോടെയുണ്ടായ ശക്തമായ ഇടിമിന്നലിൽ വീടിന്റെ ഭിത്തി തകരുകയും ഇലക്ട്രിക്ക് ഉപകരണങ്ങൾക്ക് കേടുപാടുണ്ടാകുകയും ചെയ്തു. തോന്നയ്ക്കലിനടുത്ത് വാലിക്കോണം പാറയിൽ ദിവ്യാലയത്തിൽ അപ്പുകുട്ടൻ പിള്ളയുടെ വീടിനാണ് കേടുപാടുണ്ടായത്. വീട്ടുകാർ മുൻവശത്ത് ഇരിക്കുമ്പോഴായിരുന്നു സംഭവം. ആർക്കും പരിക്കില്ല. വീടിന്റെ ചുമർഭിത്തിയും മെയിൽ സ്വീച്ചിന്റെ വയറിംഗും കരി‍ഞ്ഞ് പോയിട്ടുണ്ട്. കൂടാതെ സമീപത്തെ മിക്ക വീടുകളുടെയും ഇലക്ട്രിക്ക് ഉപകരണങ്ങൾക്കും കേടുപാടുകളുണ്ടായി. വൃക്ഷങ്ങൾക്കും മിന്നലേറ്റിട്ടുണ്ട്. മാസങ്ങൾക്ക് മുൻപ് മംഗലപുരത്ത് തന്നെ ഒരുവീട്ടിൽ രണ്ടുതവണ ഇടിമിന്നലേറ്റ് വലിയ നാശ നഷ്ടമുണ്ടായിട്ടുണ്ട്. സമീപകാലത്ത് മംഗലപുരം പ്രദേശത്ത് ഒന്നിലധികം വീടുകളിൽ ഇടിമിന്നൽ ഏൽക്കുന്ന സംഭവം പ്രദേശവാസികളെ ആശങ്കയിലാക്കിയിട്ടുണ്ട്.