വെഞ്ഞാറമൂട്: കോരിച്ചൊരിയുന്ന മഴയിലും നേതൃസംഗമത്തിൽ പങ്കെടുത്ത ആയിരങ്ങൾ മലയോര മേഖലയിലെ സംഘടനാ കരുത്തിന്റെ സാക്ഷ്യമായി.

വാമനപുരം,കിളിമാനൂർ,കല്ലറ യൂണിയനുകളിലെ നേതൃസംഗമത്തിൽ പങ്കെടുക്കാൻ ഉച്ചയ്‌ക്ക് 12ഓടെ പ്രതിനിധികൾ എത്തിത്തുടങ്ങിയിരുന്നു. ആദ്യമെത്തിയവർക്ക് ഓഡിറ്റോറിയത്തിനകത്ത് സ്ഥാനം ലഭിച്ചപ്പോൾ പിന്നീട് വന്നവർക്ക് പുറത്തെ പന്തലിലാണ് ഇരിപ്പിടം ലഭിച്ചത്. രണ്ട് കഴിഞ്ഞപ്പോൾ ഓഡിറ്റോറിയവും പരിസരവും നിറഞ്ഞു. രണ്ടരയോടെ യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി സംഘടനാ വിശദീകരണം നൽകി. 3.30ഓടെ യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ വേദിയിലെത്തി. മണിക്കൂറുകളോളം തന്നെ കേൾക്കാനിരുന്നവർക്ക് അദ്ദേഹം നന്ദി പറഞ്ഞു.

ഒരു രാഷ്ട്രീയ പാർട്ടിയുടെയും ഔദാര്യത്തിൽ അധികാരത്തിലെത്താൻ താത്പര്യമില്ലെന്നും സമുദായത്തിന് വേണ്ടി നീതി നിഷേധിക്കപ്പെടുന്നിടത്ത് പോരാടുമെന്നും അദ്ദേഹം പറഞ്ഞു. തനിക്ക് ശേഷം പ്രളയമെന്ന് കരുതുന്നവർ മൂഢ സ്വർഗത്തിലാണന്നും കണ്ണീർ കുടിപ്പിക്കാനല്ല കണ്ണീരൊപ്പാൻ എന്നും നിങ്ങൾക്കൊപ്പം കൂടെയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. മികച്ച സംഘാടനത്തിന് യൂണിയൻ ഭാരവാഹികളായ ഡി.വിപിൻരാജ്,പച്ചയിൽ സന്ദീപ്,വേണു കാരണവർ,രജികുമാർ,രാജേന്ദ്രൻ സിതാര എന്നിവരെ വെള്ളാപ്പള്ളി നടേശൻ അഭിനന്ദിച്ചു.