തിരുവനന്തപുരം: ആരെക്കണ്ടാലും ചിരിച്ചും കളിച്ചും വർത്തമാനം പറയുന്ന കൊച്ചുമിടുക്കന്റെ അപ്രതീക്ഷിത വേർപാടിന്റെ നൊമ്പരത്തിലാണ് പടിഞ്ഞാറേക്കോട്ട നിവാസികൾ. ഡ്രില്ലിംഗ് മെഷീന്റെ ബിറ്റ് നെറ്റിയിൽ തുളച്ചുകയറി ഗുരുതരമായി പരിക്കേറ്റ് മരിച്ച രണ്ടരവയസുകാരൻ ധ്രുവ് നാഥിന്റെ വേർപാട് ആർക്കും വിശ്വസിക്കാനായില്ല. ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ പടിഞ്ഞാറേനടയിൽ നിന്ന് പൊലീസ് കൺട്രോൾ റൂമിന് സമീപമായി മൂന്നാമത്തേതാണ് ധ്രുവ് നാഥിന്റെ വീട്. അതിനാൽ ദിവസവും നിരവധി പൊലീസ് ഉദ്യോഗസ്ഥരാണ് ഇവിടെ ഡ്യൂട്ടിക്ക് നിൽക്കാറുള്ളത്. അമ്മയോടൊപ്പം പുറത്തേക്ക് പോകുമ്പോൾ പൊലീസ് മാമന്മാരെ കണ്ടാൽ ധ്രുവ് നാഥ് ഓടിച്ചെന്ന് സംസാരിക്കുന്നത് പതിവായിരുന്നു. കഴിഞ്ഞ ദിവസം അപകടമുണ്ടായപ്പോൾ നിലവിളികേട്ട് ഓടിയെത്തിയതും കുട്ടിയെ ആശുപത്രിയിലെത്തിക്കാൻ സൗകര്യമൊരുക്കിയതുമെല്ലാം പൊലീസ് ഉദ്യോഗസ്ഥരാണ്.ധ്രുവ് നാഥിനുണ്ടായ ആകസ്മികമായ അപകടവാർത്തയെക്കുറിച്ച് ചോദിക്കുമ്പോൾ കുട്ടിയെ അറിയാവുന്നവരുടെയെല്ലാം കണ്ണ് നിറയുന്നു.

പൊലീസ് വാഹനം സമീപത്തുണ്ടായിട്ടും

ആശുപത്രിയിലെത്തിച്ചത് ഓട്ടോറിക്ഷയിൽ

അപകടത്തിൽ പരിക്കേറ്റ രണ്ടരവയസുകാരനെ ആശുപത്രിയിലെത്തിക്കാൻ പൊലീസ് വാഹനം ലഭിക്കാത്തത് വിവാദമായി. ശ്രീപദ്മനാഭ സ്വാമി ക്ഷേത്രം പടിഞ്ഞാറേനടയിൽ നടരാജ് ഭവനിൽ മഹേഷ് - സുഹിത ദമ്പതികളുടെ മകൻ ധ്രുവ് നാഥിന് അപകടമുണ്ടായ സമയത്താണ് മൂന്ന് പൊലീസ് വാഹനം സ്ഥലത്തുണ്ടായിട്ടും ഓട്ടോറിക്ഷയിൽ കുട്ടിയെ സമീപത്തെ ആശുപത്രിയിൽ എത്തിക്കേണ്ടിവന്നത്. എന്നാൽ പൊലീസ് വാഹനമുണ്ടായിരുന്നെങ്കിലും ഡ്രൈവർമാർ സ്ഥലത്തുണ്ടായിരുന്നില്ലെന്നാണ് വിവരം. അതേസമയം പൊലീസുകാർ ഇടപെട്ടാണ് കുട്ടിയെ ഓട്ടോറിക്ഷയിൽ ആശുപത്രിയിലേക്ക് വിട്ടത്. അത്യാഹിത സമയത്ത് വാഹനം ലഭ്യമല്ലാതായ സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.