kumari

കുന്നത്തുകാൽ: കാരക്കോണം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കിടെ വീട്ടമ്മ മരിച്ച സംഭവത്തിൽ ചികിത്സാപ്പിഴവെന്ന് ബന്ധുക്കൾ. ആരോപണം അടിസ്ഥാന രഹിതമെന്നും പെട്ടെന്നുണ്ടായ ഹൃദയാഘാതമാണ് മരണകാരണമെന്നും ആശുപത്രി അധികൃതർ. കിഡ്‌നി സ്റ്റോൺ സംബന്ധമായ അസുഖം കാരണം ഇക്കഴിഞ്ഞ 9ന് കാരക്കോണം സി.എസ്.ഐ മെഡിക്കൽ കോളേജിൽ പ്രവശിക്കപ്പെട്ട ആറാലുംമൂട്, അഴകറത്തല വിഷ്ണുഭവനിൽ ഭാസ്കരന്റെ ഭാര്യ കുമാരി (55)യാണ് ശസ്ത്രക്രിയ നടക്കുന്നതിനിടെ ശനിയാഴ്ച ഉച്ചകഴിഞ്ഞു 3 മണിയോടെ മരണപ്പെട്ടത്.കുമാരിയുടെ ശരീരത്തിൽ ശസ്ത്രക്രിയ നടത്തിയ പാടുകൾ ഇല്ലായിരുന്നെന്നും അനസ്‌തേഷ്യ നൽകിയതിൽ ഉൾപ്പെടെയുള്ള ചികിത്സാ പിഴവാണ് മരണകാരണമെന്നും ആരോപിച്ച് ബന്ധുക്കൾ വെള്ളറട പൊലീസിൽ പരാതി നൽകി. എന്നാൽ ലേസർ തരംഗങ്ങൾ കൊണ്ട് സ്റ്റോൺ മാറ്റുന്ന ലിത്തോട്രിപ്‌സി എന്ന ശസ്ത്രക്രിയയാണ് കുമാരിക്ക് നടത്തിയതെന്നും അതിനാൽ ശരീരത്തിൽ ശസ്ത്രക്രിയയുടേതായി മുറിവുകൾ ഉണ്ടാകാറില്ലെന്നും സംഭവവുമായി ബന്ധപ്പെട്ട് ഏതു തരം അന്വേഷണങ്ങളും നേരിടാൻ തയ്യാറാണെന്നുമാണ് യൂറോളജി ഡോക്ടർ ചെല്ലക്കണ്ണിന്റെ വിശദീകരണം. ബന്ധുവായ അരുൺകുമാറിന്റെ പരാതിയെ തുടർന്ന് സ്ഥലത്തെത്തിയ വെള്ളറട പൊലീസ് മേൽ നടപടി സ്വീകരിച്ച് നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിൽ എത്തിച്ച മൃതദേഹം ആർ.ഡി.ഒയുടെ സാന്നിദ്ധ്യത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പോസ്റ്റ്‌മോർട്ടം നടത്തിയ ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മേൽ നടപടി സ്വീകരിക്കുമെന്ന് വെള്ളറട സി.ഐ. പ്രസാദ് പറഞ്ഞു. മക്കൾ: വിഷ്ണു വിദ്യ,വിമൽ. മരുമകൻ: അരുൺകുമാർ. മൃതദേഹം ഇന്ന് രാവിലെ 9ന് ഊരൂട്ടുകാല പൊതുശ്മശാനത്തിൽ സംസ്കരിക്കും.