തിരുവനന്തപുരം: ആഡംബര കാറിനുവേണ്ടി വഴക്കുണ്ടാക്കുകയും ആക്രമിക്കുകയും ചെയ്തതിന്റെ പേരിൽ മകനെ തിരിച്ചാക്രമിച്ച പിതാവ് കീഴടങ്ങി. ആയുർവേദ കോളേജ് തോപ്പിൽ ലൈനിൽ വിനയാനന്ദനാണ് വഞ്ചിയൂർ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവമുണ്ടായത്.
കമ്പിപ്പാര കൊണ്ടുള്ള അടിയേറ്ര് മകൻ ഹൃദിക്കിന് (28) ഗുരുതരമായി പരിക്കേറ്റു. തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഐ.സി.യുവിൽ പ്രവേശിപ്പിച്ച ഹൃദിക്കിനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. സംഭവത്തിൽ പൊലീസ് കേസെടുത്തതിനെ തുടർന്ന് അച്ഛൻ വിനയാനന്ദ് ഒളിവിൽ പോയിരുന്നു. മകൻ ആഡംബര കാർ വേണമെന്ന് പറഞ്ഞ് വീട്ടിൽ സ്ഥിരമായി പ്രശ്നമുണ്ടാക്കിയിരുന്നുവെന്ന് പൊലീസ് പറയുന്നു. വിനയാനന്ദ് നേരത്തെ ലക്ഷങ്ങൾ വിലവരുന്ന ബൈക്ക് മകന് വാങ്ങിക്കൊടുത്തിരുന്നു. ഇതിനുപിന്നാലെ കാർ വാങ്ങണമെന്ന് പറഞ്ഞ് മകൻ അച്ഛനുമായി വാക്കുതർക്കമുണ്ടാവുകയും മകൻ അച്ഛനെ ആക്രമിക്കുകയുമായിരുന്നു. ഇതിൽ പ്രകോപിതനായ അച്ഛൻ കമ്പിപ്പാര ഉപയോഗിച്ച് മകനെ തിരിച്ചാക്രമിച്ചു.
വിശദമായ ചോദ്യം ചെയ്യലിന് ശേഷം ഇന്ന് കോടതിയിൽ ഹാജരാക്കുമെന്ന് വഞ്ചിയൂർ എസ്.എച്ച്.ഒ ഷാനിഫ് അറിയിച്ചു.