photo

പാലോട്: നന്ദിയോട് പഞ്ചായത്തിലെ കുടിവെള്ളക്ഷാമം രൂക്ഷമായ പ്രദേശങ്ങളിൽ മഴക്കാലത്ത് ലഭിക്കുന്ന വെള്ളം പാഴാക്കാതിരിക്കാനും അവ സംരക്ഷിക്കാനുമായി നടപ്പാക്കിയ പദ്ധതി പൂർണമായും നാശത്തിലേക്ക്. ധാരാളം മഴ ലഭിക്കുന്ന, എന്നാൽ മറ്റ് ജലസ്രോതസ്സുകൾ കുറവായ പ്രദേശങ്ങളിലാണ് ജലലഭ്യതയ്ക്കായി സംഭരണികൾ നിർമ്മിച്ചത്. പതിനായിരം ലിറ്റർ മുതൽ മഴവെള്ളം സംഭരിക്കാൻ കഴിയുന്ന തരത്തിലാണ് സിമന്റ് കോൺക്രീറ്റിൽ സംഭരണികൾ നിർമ്മിച്ചത്. വേനലിലെ ജലക്ഷാമം പരിഹരിക്കാൻ ഉതകുന്ന രീതിയിലായിരുന്നു നിർമ്മാണം. എന്നാൽ ഈ സംഭരണികളിൽ ശേഖരിച്ച ജലം ഉപയോഗയോഗ്യമല്ലാത്തതിനെ തുടർന്ന് പലരും ടാങ്കുകൾ പൊളിച്ചുകളഞ്ഞു. അൻപതിനായിരം രൂപ മുതൽ ചെലവഴിച്ച് നിർമ്മിച്ച സംഭരണികളിൽ ഇനിയുള്ളത് വിരലിലെണ്ണാവുന്നത് മാത്രമാണ്. ഇതും പൂർണമായും ഉപയോഗശൂന്യമാണ്.

സുരക്ഷാ പ്രശ്നങ്ങളിൽ

മഴക്കുഴി നിർമ്മാണം

ഈ പദ്ധതി പരാജയപ്പെട്ടതിനെ തുടർന്ന് തൊഴിലുറപ്പ് തൊഴിലാളികളുടെ സഹായത്തോടെ നടപ്പിലാക്കിയ പദ്ധതിയാണ് മഴക്കുഴി നിർമ്മാണം. ഒഴുകി നഷ്ടപ്പെടുന്ന വെള്ളം ചെറിയ ചാലുകളിലൂടെയെത്തിച്ച്, അഞ്ചടി മുതൽ താഴ്ചയിൽ നിർമ്മിക്കുന്ന കുഴികളിൽ ഒലിച്ചിറങ്ങുന്ന വെള്ളം സംഭരിച്ച് മണ്ണിലേക്ക് തന്നെയെത്തിക്കുന്നതായിരുന്നു പദ്ധതി. ഇതുവഴി വേനൽക്കാലങ്ങളിലെ ശുദ്ധജലക്ഷാമം കുറച്ചെങ്കിലും പരിഹരിക്കാനായിരുന്നു ഉദ്ദേശിച്ചതെങ്കിലും. മേൽ മൂടിയില്ലാത്ത മഴക്കുഴിയിൽ ഒരു കുഞ്ഞ് വീണ് മരിച്ചതോടെ മഴക്കുഴികളുടെ സുരക്ഷിതത്വം ചൂണ്ടിക്കാട്ടി ഈ പദ്ധതിയും നിലച്ചു.

മഴവെള്ളം കുടിനീരാക്കാം

കിണർ റീചാർജ്ജിംഗിലൂടെ

ജലസംഭരണിയിലൂടെ ഏറ്റവും ലളിതമായി മഴവെള്ളത്തെ കുടിവെള്ളമാക്കി, കൂടുതൽ സംഭരിച്ച് ഉപയോഗിക്കാൻ കഴിയുന്ന സംവിധാനമാണ് കിണർ റീചാർജ്ജിംഗ്. ഒരു യൂണിറ്റിന് പതിനായിരം മുതൽ ഇരുപതിനായിരം രൂപയോളമാണ് ഏകദേശ ചെലവ്. പഞ്ചായത്തിലെ ചില ഭാഗങ്ങളിലെങ്കിലും ജലക്ഷാമം പരിഹരിക്കാൻ കിണർ റീചാർജ്ജിംഗിന് കഴിഞ്ഞിട്ടുണ്ട്.

1.മേൽക്കൂരയിൽ പെയ്തുവീഴുന്ന മഴവെള്ളത്തെ പി.വി.സി പൈപ്പിലൂടെ ഒഴുക്കി സംഭരണിയിലെത്തിക്കാം

2.ഇവിടെനിന്നും വെള്ളം ശുദ്ധീകരിക്കുന്ന "അരിപ്പ ടാങ്ക്' സ്ഥാപിക്കണം. അരിപ്പയിൽ ഏറ്റവും അടിയിൽ 20 സെ.മീ കനത്തിൽ ചരൽക്കല്ല് വിരിച്ച് അതിനുമുകളിൽ 10സെ.മീ കനത്തിൽ മണലും മുകളിൽ ചിരട്ടക്കരിയോ മരക്കരിയോ 10സെ.മീ കനത്തിൽ വിരിക്കണം. ഇതിനുമുകളിൽ ചരൽവിരിക്കുക.

3.ടാങ്കിന്റെ ഏറ്റവും അടിഭാഗത്ത് പി.വി.സി പൈപ്പ് ഘടിപ്പിച്ച് ശുദ്ധീകരിച്ച കുടിവെള്ളത്തെ കിണറ്റിലേക്ക് ഇറക്കിക്കൊടുക്കാം.